പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

ചെന്നൈ: നോർവേ ചെസ് ടൂർണമെന്റിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ദളപതി വിജയ് ആദരിച്ചു. ചെന്നൈയിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ പ്രഗ്നാനന്ദയ്ക്ക് 50 ലക്ഷം രൂപയുടെ സമ്മാനത്തുകയും മുഖ്യമന്ത്രി കൈമാറി. ആദരവ് സ്വീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചെസ്സ് കളിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രഗ്നാനന്ദ മാധ്യമങ്ങളോട് പങ്കുവെച്ചു.

കൂടിക്കാഴ്ചയ്ക്ക് എത്തുമ്പോൾ ഒരു ചെസ്സ് ബോർഡുകൂടി കരുതാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രഗ്നാനന്ദയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി തനിക്കൊപ്പം ചെസ്സ് കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പ്രഗ്നാനന്ദ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും തമ്മിൽ 15 മിനിറ്റോളം നീണ്ടുനിന്ന സൗഹൃദ ചെസ്സ് മത്സരം നടന്നു. മത്സരത്തിൽ പ്രഗ്നാനന്ദ വിജയിച്ചെങ്കിലും മുഖ്യമന്ത്രി വിജയ് വളരെ മികച്ച രീതിയിലാണ് കളിച്ചതെന്നും ഏറെ പ്രോത്സാഹനമേകുന്ന വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചതെന്നും താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച ഓസ്ലോയിൽ സമാപിച്ച പ്രശസ്തമായ നോർവേ ചെസ് 2026 ടൂർണമെന്റിൽ ജർമ്മനിയുടെ ശക്തനായ താരം വിൻസെന്റ് കെയ്‌മറിനെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ കിരീടം ചൂടിയത്. രാജ്യാന്തര തലത്തിൽ തമിഴ്‌നാടിനും രാജ്യത്തിനും അഭിമാനകരമായ നേട്ടം കൈവരിച്ച യുവതാരത്തെ നേരിട്ട് അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts