ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തി ചികിൽസാ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.
സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കാൻ ആവശ്യപ്പെടാനാണ് സർക്കാർ തീരുമാനം.
ചികിത്സച്ചെലവ് സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.
നഗരത്തിലെ പ്രധാന സർക്കാർ കോവിഡ് ആശുപത്രികളായ രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസിലും വിക്ടോറിയയിലും രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഇത്.
ചികിത്സച്ചെലവ് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ ഇന്നലെ സർക്കാർ പുറത്തിറക്കി.
സർക്കാർ നിയമിച്ച എട്ടംഗ വിദഗ്‌ധ സമിതിയാണ് പുതിയ നിരക്ക് മുന്നോട്ടുവെച്ചത്.
സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിർദേശപ്രകാരമെത്തുന്ന രോഗികൾക്ക് ചെലവ് കുറയും.
ആരോഗ്യ കർണാടക,ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരമെത്തുന്ന രോഗികൾക്കാണ് ചികിത്സച്ചെലവിൽ കുറവുള്ളത്.
നേരിട്ട് സ്വകാര്യ ആശുപത്രികളിലെത്തുന്നവർക്ക് ഈ അനുകൂല്യം ലഭിക്കില്ല.
സർക്കാർ ആശുപത്രികൾ വഴിയെത്തുന്നവർക്ക് സ്വകാര്യ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്ക് 2600 രൂപയായിരിക്കും നിരക്ക്.
നേരിട്ടെത്തുന്നവർക്ക് ഇത് 4500 രൂപയായിരിക്കും.
ആയുഷ്മാൻ ഭാരത് വഴിയെത്തുന്ന രോഗികൾക്ക് ജനറൽ വാർഡിൽ ദിവസ വാടക 5200 രൂപയായിരിക്കും.
അല്ലാത്തവർക്ക് 10,000 രൂപയായിരിക്കും.
ഓക്സിജൻ ആവശ്യമുള്ളവർക്ക് ഇത് യഥാക്രമം 7000 രൂപയും 12,000 രൂപയുമായിരിക്കും.
ഐസൊലേഷൻ തീവ്രപരിചരണ വിഭാഗത്തിന് ആയുഷ്മാൻ ഭാരത് പ്രകാരം ദിവസവാടക 8500 രൂപയും നേരിട്ടെത്തുന്നവർക്ക് 15,000 രൂപയുമായിരിക്കും.
വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു. ഐസൊലേഷൻ വാർഡിന് യഥാക്രമം 10,000 രൂപയും 25,000 രൂപയുമാണ്.
നിലവിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിലും വിക്ടോറിയ ആസ്പത്രിയിലുമാണ് കൂടുതൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നത്.
പാവപ്പെട്ടവർക്ക് ചികിത്സാസൗകര്യം ഉറപ്പാക്കുന്ന സുവർണ ആരോഗ്യസുരക്ഷ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സ്വകാര്യ ആസ്പത്രികളിൽ കോവിഡ് ചികിത്സാസൗകര്യമൊരുക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.