എന്‍റെ ചെറിയ ബാഗില്‍ ഒരുപാട് ഡ്രസ്സുകള്‍ കുത്തിനിറച്ചും,ഖല്‍ബില്‍ അതിലേറേ സ്വപ്നങ്ങളും കുത്തി നിറച്ചാണ് സാമൂതിരി രാജാവിന്‍റെ സ്വന്തം കോഴക്കോടു നിന്നും ബാഗ്ലൂരിലേക്ക് ട്രൈന്‍ പിടിച്ചത്.
ബാഗ്ലൂരില്‍ പോയാല്‍ ഇഗ്ലീഷൊക്കെ ഫ്ലുവന്‍റ് ആവും എന്നും,ദുല്‍ക്കര്‍ സല്‍മാന്‍ ബാഗ്ലൂര്‍ ഡെയ്സിലെ ”ബാഗ്ലൂര്‍ വാട്ട് എ റോക്കിങ്ങ് സിറ്റി മാന്‍ ”എന്ന ഡയലോഗും യാത്രയില്‍ ഓര്‍ത്ത് കൊണ്ടേയിരുന്നു..
യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസില്‍ സുഖമായി മധുരമൂറുന്ന കിനാവുകളും കണ്ടുറങ്ങി. സൂര്യന്‍ കിഴക്കുനിന്നുദിച്ച സുന്ദരിയായി വീണ്ടും വന്നപ്പോള്‍ ഞാന്‍ ബാനസ് വാഡി സ്റ്റേഷനില്‍ എത്തി.
പുറത്തേക്ക് പെട്ടി എടുത്ത് ഇറങ്ങിയപ്പോള്‍
പരല്‍മീനുകള്‍ തുപ്പല്‍ തിന്നാന്‍ വരുന്നതു പോലെ ഒരു കൂട്ടം ആളുകള്‍ എന്‍റെ ചുറ്റും കൂടി വന്നു..
”പടച്ചോനെ എന്താണിവര്‍ക്ക് വേണ്ടത്.”
”സര്‍ എങ്കെ പോണം.”
ഓട്ടോ സര്‍ ..
ടാക്സി സര്‍..
ചുറ്റും നിന്ന് പറഞ്ഞ് കൊണ്ടേയിരുന്നു.
ഒരാള്‍ എന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു..
മറ്റൊരാള്‍ എന്‍റെ പെട്ടിയെടുത്തു..
ആദ്യമായിട്ടാണ് എന്നെ സ്വീകരിക്കാന്‍ ഇത്രയും ആളുകള്‍ കൂടുന്നത്.
പിന്നീട് പല ട്രോളുകളിലൂടേയും ഇത് എല്ലാവര്‍ക്കും ബാഗ്ലൂരില്‍ കിട്ടുന്ന സ്വീകരണമാണെന്ന് മനസ്സിലായി.
എന്ത് ചെയ്യണം എന്ന് പകച്ചു നില്‍ക്കുമ്പോയാണ്.
സുഹൃത്തിന്‍റെ ഉപദേശം എന്‍റെ ഓര്‍മിപ്പിച്ചത്..
”മോനേ ഒരു കാരണവശാലും ബാഗ്ലൂരിലെത്തിയാല്‍ ഓട്ടോ വിളിക്കരുത്..
അവര്‍ പറ്റിക്കും ..
ഒറപ്പാ..
എനിക്ക് അനുഭവം ഉള്ളതോടണ്ട് പറയാണ്.”
യുബറോ ഓലയോ വിളിച്ചാല്‍ മതി.
അനുഭവം തന്നെയല്ലേ ഏറ്റവും വലിയ ഗുരു അത് കൊണ്ട് അവരെയല്ലം വകഞ്ഞ് മാറ്റി ഞാന്‍ ഒരു വിധത്തില്‍ പുറത്തേക്കെത്തി.
യൂബര്‍ വിളിക്കാന്‍ നില്‍ക്കുമ്പോള്‍ മുഖം കണ്ടാല്‍ തന്നെ നിഷ്കളങ്കത തോന്നിക്കുന്ന ഒരു മനുഷ്യന്‍ ഓട്ടോയുമായി നില്‍ക്കുന്നു.
ചിലരുടെ മുഖത്ത് തന്നെ അവരുടെ നിഷ്കളങ്കത എഴുതി വെച്ചിട്ടുണ്ടാകും.
അത് കൊണ്ട് യുബര്‍ ബുക്ക് ചെയ്യാതെ
അയാളെ വിളിച്ചു.
കന്നട ഗൊത്തില്ലാത്തത് കൊണ്ട് അറിയുന്ന ഭാഷയായ ഹിന്ദിയില്‍ വച്ചങ്ങ് കാച്ചി.
”കമ്മനഹള്ളി ജാഎഗാ..ബയ്യാ..”
ഞാന്‍ ചോദിച്ചു.
ഓട്ടോയില്‍ നിന്നിറങ്ങി പച്ചാസ് ചോദിച്ചെങ്കിലും ചാലിസില്‍ പറഞ്ഞങ്ങ് ഒതുക്കി..
”കമ്മനഹള്ളി എന്‍റെ പുതിയ തട്ടകം..
ഞാന്‍ ചുറ്റുപാടും നോക്കി.
ദുല്‍ക്കര്‍ സല്‍മാന്‍ പറഞ്ഞ റോക്കിങ്ങ് സിറ്റിയൊന്നും കാണാനില്ല
എവിടെ നോക്കിയിട്ടും തെരുവ് പട്ടികളും പശുക്കളും മാത്രം.
നാട്ടില്‍ രാത്രിയാണ് പട്ടികളെ പുറത്തു കാണുക എന്ന ബാഗ്ലൂര്‍ സിറ്റിയില്‍ പകലും പട്ടികള്‍ തന്നെയാണ് കാവലിരിക്കുന്നത് എന്ന സത്യം മനസ്സിലാക്കി.
കമ്മനഹള്ളി ഡോള്‍ഫിന്‍ പ്ലാസയില്‍ റൂം വരുന്നതിനു മുമ്പ് തന്നെ ശരിയാക്കിയിരുന്നു.
പെട്ടിയും കിടക്കയും എടുത്ത് എന്‍റെ പുതിയ റൂമിലേക്ക് കടന്നു.
എന്‍റെ റൂമ് മേറ്റ്
തൃശൂരിലെ ഗഡിയായ രാഹുല്‍ എന്നെ റൂമിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് പറഞ്ഞു.
”മൂട്ടയുടെ കടി കൊള്ളാന്‍ ഈ റൂമിലേക്ക് സ്വാഗതം”
”മൂട്ടയോ”
അതെന്താണ് സാധനം.?
”ഞാനിതു വരെ മൂട്ടയെ കണ്ടിട്ടു പോലുമില്ല.
”ഞാന്‍ പറഞ്ഞു”
ഏതായാലും കടി കൊള്ളാന്‍ പോകല്ലേ..
കാണുകയും അനുഭവിക്കുകയും ചെയ്യും..
ബാഗും പെട്ടിയും ഒരു മൂലക്ക് വെച്ചപ്പോഴാണ് ഓര്‍ത്തത് പല്ല് തേച്ചിട്ടില്ല.
പല്ല് തേച്ച് കുളിച്ച് എെശ്വര്യമായിട്ട് ഒന്നുറങ്ങാം ..
ബ്രഷ് എടുക്കാന്‍ വേണ്ടി ബാഗ് തപ്പിയപ്പോഴാണ് മനസ്സിലായത്..
ബ്രഷും സോപ്പും പേസ്റ്റും എടുക്കാന്‍ മറന്നു പോയിട്ടുണ്ട്.
ഏതായാലും ബ്രഷ് മറന്നു പോയത് ഒരു അവസരമാണ്.ഓരോ മറവികളും ഓരോ പ്രശ്നങ്ങളും എങ്ങനെ അവസരങ്ങളാക്കി മാറ്റാം എന്നാണ് നോക്കേണ്ടത് എന്ന് തലേ ദിവസം കണ്ട ഒരു മോട്ടിവേഷന്‍ വീഡിയോ
കണ്ടത് ഓര്‍മ്മവന്നു.
പുറത്തു പോയി കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇംഗ്ലീഷ് സംസാരിക്കാം..
അങ്ങനെ ഇംഗ്ലീഷ് ഫ്ലുവന്‍റ് ആക്കാം..
ബ്രഷും,പേസറ്റും മറന്നിട്ടില്ലെങ്കില്‍ ഇങ്ങനെയൊരു അവസരമുണ്ടാകില്ലല്ലോ.
ഇനിയെന്‍റെ ജീവിതത്തിലേ എല്ലാ പ്രശ്നങ്ങളും മറവികളും ഒരു അവസരമാക്കിത്തീര്‍ക്കും എന്ന് മനസ്സില്‍ ദൃഢനിശ്ചയം ചെയ്തു
ഞാന്‍ എന്‍റെ വാലറ്റുമായി പുറത്തേക്കിറങ്ങി.
തൊട്ടടുത്തു തന്നെ ചെറിയ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ട്.
സോപ്പും,പേസ്റ്റും,ബ്രഷും മറ്റും വാങ്ങി.
ബില്ലടിക്കാന്‍ കൊടുത്തു
അപ്പോഴാണ് ഞാനോര്‍ത്തത് ഇത് വരെ ഒരു വരി ഇംഗ്ലീഷ് പോലും ആരോടും പറഞ്ഞിട്ടില്ല.
കൗണ്ടറില്‍ പോയി എന്‍റെ സാധനം പാക്ക് ചെയ്തു ബില്ലടിക്കുകയായിരുന്നു.
ഞാന്‍ പെര്‍സെടുത്തു എന്‍റെ ആദ്യ ഇംഗ്ലീഷ് വേര്‍ഡ് പുറത്തെെടുത്തു..
How much sir ..?
കൗണ്ടറിലിരിക്കുന്ന ആള്‍ ഒന്ന് എന്നെ നോക്കി ഒന്നും പറയാതെ വീണ്ടും പാക്കിങ്ങ് ചെയ്തു കൊണ്ടിരിക്കുന്നു.
അയാള്‍ ഒന്നും പറയാത്തതു കൊണ്ട് വീണ്ടും അവസരം.
അവസരങ്ങള്‍ പാഴാക്കില്ല എന്ന് രാവിലെത്തന്നെ മനസ്സില്‍ പ്രതിജ്ഞ ചെയ്ത ഞാന്‍ കുറച്ചു കൂടി ഉഛത്തില്‍ ചോദിച്ചു.
Excuse me ..
How much sir ..?
”നൂറ്റി മുപ്പത്തഞ്ചുറുപ്യ ..”
നല്ല മലബാര്‍ ശൈലിയില്‍ അദ്ധേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.
”ഇന്നെ കണ്ടാല്‍ തന്നെ അറ്യാ ഇഞ്ഞ് മലയാള്യാന്ന് .
ഇംഗ്ലീഷിലൊന്നും ചോയ്ക്കണ്ട കാര്യല്ല്യപ്പാ..
ആദ്യ അവസരം തന്നെ മൂപ്പര് അസ്സലായിട്ട് പൊളിച്ച് കയ്യില്‍ തന്നു.
ലോകത്ത് എവിടെ ചെന്നാലും മലയാളികളവിടെ സുപ്പര്‍മാര്‍ക്കറ്റോ,റസ്സോറന്‍റോ നടത്തുന്നുണ്ടാവും എന്ന കേട്ടറിവ് അനുഭവിച്ചറിഞ്ഞു.
ഏതായിലും ഒരു മലയാളി മറ്റൊരു മലയാളിയെ കണ്ടാല്‍ പേര് ചോദിക്കുന്നതിനു മുമ്പ് ചോദിക്കുന്ന ആ കാര്യം ഞാനും മൂപ്പരോട് ചോദിച്ചു.
”നാട്ടിലെവിടെയാ..?
”കണ്ണൂര്‍
തലശ്ശേരി
അയാള്‍ മറുപടി പറഞ്ഞു.
ഏാതയാലും സാധനങ്ങളൊക്കെ കവറിലിട്ട്
റൂമിലേക്ക് നടന്നു വഴിയില്‍ ഒരു ചെറിയ ചായക്കട കണ്ടു ഏതായാലും ഒരു ചായ കുടിച്ചു ഒരു അവസരം കൂടി നോക്കാം..
ആദ്യത്തെ അനുഭവം മനസ്സിലുണ്ടെങ്കിലും
തോല്‍ക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.
തോല്‍വി വിജയത്തിന്‍റെ മുന്നോടി ആയതു കൊണ്ട് പിന്നെ ഞാനൊന്നും ചിന്തിച്ചില്ല.
നേരെ കടയിലേക്ക് പോയി..
Excuse me one tea please ..
”ഇവിടെ ഒരു ചായ കൊടുക്കീ..
അപ്പുറത്തെ ചായ ഉണ്ടാക്കുന്നയാളോട് ഉഛത്തില്‍ വിളിച്ചു പറഞ്ഞു കൊടുത്തു.
നല്ല പച്ചമലയാളത്തില്‍ അതും പൊളിച്ചു കയ്യില്‍ തന്നു.ച്രന്ദനില്‍ പോയാലും മലയാളി അവിടെ ചായക്കട നടത്തുന്നത് കണ്ടു എന്ന് നര്‍മ്മക്കഥകളില്‍ വായിച്ചിട്ടുണ്ട് ഇക്കണക്കിനു പോയാല്‍ ചന്ദ്രനിലും ഉണ്ടാവും മലയാളി ചായക്കട.
ഏതായിലും ചായയും കുടിച്ച് റൂമില്‍ പോയി കുളിച്ച് ഫ്രഷായി ഒന്നു വിശ്രമിച്ചു.
വന്ന അന്നു തന്നെ ഒരു കാര്യം മനസ്സിലായി
സ്റ്റേറ്റ് കര്‍ണാടക ആണെങ്കിലും തലങ്ങും വെലങ്ങും മലായാളികളാണ്.കമ്മനഹള്ളിയിലെ പകുതിയിലധികം സ്ഥാപനങ്ങളും മലയാളികളുടേതാണന്ന സത്യം റൂം മേറ്റ് രാഹുലിലൂടെ മനസ്സിലാക്കി.
ഏതായാലും ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയപ്പോള്‍ ഞാനൊന്നും നോക്കിയില്ല.
”ബിരിയാണി ഇല്ലേ.?.”
നല്ല പച്ചമലയാളത്തില്‍ ഞാന്‍ ചോദിച്ചു.
”ബീഫ് ബിരിയാണിയുണ്ട്,ചിക്കനുണ്ട്
ഫിഷ് ബിരിയാണിയുമുണ്ട്..
ഏതാ വേണ്ടത്.
One chicken biriyani please .
ഓര്‍ഡറും കൊടുത്ത് ചിക്കന്‍ ബിരിയാണിക്ക് വെയ്റ്റ് ചെയ്തു കൊണ്ടിരിക്കുമ്പോഴും കുറെ മലയാളികള്‍ ഹോട്ടലിലേക്ക് വന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.