കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ബസ് അപകടത്തിൽ പെട്ട് നാലു പേർക്ക് ദാരുണാന്ത്യം. നാമക്കല്ലിന് സമൂപം ബസ് ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാലു പേരും മലയാളികളാണ്. പന്തളം സ്വദേശികളായ മിനി വർഗീസ് (36)മകൻ ആഷൽ ബിജോ (10) ബസ് ക്ലീനർ സിദ്ധാർഥ് (23) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്.അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. മൂന്നു പേർ സംഭവ സ്ഥലത്തുവെച്ചും തിരിച്ചറിയപ്പെടാത്ത ആൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.

നാമക്കൽ ജില്ലയിലെ കുമാരപാളയത്തു വച്ചാണ് അപകടം നടന്നത്. കടലൂരിൽ നിന്ന് വിരുതാചലത്തേക്ക് കാറ്റാടി മരത്തടികളുമായി പോയ്ക്കൊണ്ടിരുന്ന ലോറിയുടെ പിൻഭാഗത്ത് ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കേരളാ ലൈൻസ് എന്ന ട്രാവൽസ് കമ്പനിയുടെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. സംഭവത്തിൽ കുമാരപാളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

