ജൊഹാന്നസ്ബര്‍ഗ്: ഏകദിന പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20യിലും ഇന്ത്യന്‍ ആധിപത്യം. ആവേശകരമായ ആദ്യ ട്വന്റിയില്‍ ഇന്ത്യ 28 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ഇന്ത്യ നല്‍കിയ 204 റണ്‍സെന്ന വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയക്ക് ഒമ്പത് വിക്കറ്റിന് 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 203 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (72) ഇന്നിങ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മനീഷ് പാണ്ഡെ (29*), ക്യാപ്റ്റന്‍ വിരാട് കോലി (26), രോഹിത് ശര്‍മ (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ഓപ്പണര്‍ റീസെ ഹെന്‍ഡ്രിക്‌സ് (70) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിനോക്കിയത്. 50 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങിയതായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ ഇന്നിങ്‌സ്. ഫര്‍ഹാന്‍ ബെഹര്‍ദിന്‍ 39 റണ്‍സെടുത്തു പുറത്തായി.
പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ചത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.