ബെംഗളൂരു : കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്ന ഇന്ദിര കന്റീനുകൾക്കു പിന്നാലെ സമാനമായ മൂന്നു പദ്ധതികൾ കൂടി നടപ്പിലാക്കാൻ സർക്കാർ തീരുമാനം. ഇന്ദിര ക്ലിനിക്, ഇന്ദിര ട്രാൻസ്പോർട്, ഇന്ദിര ബസ് എന്നിവയാണ് നടപ്പിലാക്കുക. ബിഎംടിസി ജീവനക്കാർക്കും യാത്രക്കാർക്കും സൗജന്യ പ്രഥമ ശുശ്രൂഷയും അടിയന്തര ശുശ്രൂഷയും ലഭ്യമാക്കുന്ന ഇന്ദിര ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്നു നിർവഹിക്കും. മജസ്റ്റിക് കെംപഗൗഡ ബസ്സ്റ്റേഷനിലാണ് ക്ലിനിക് സ്ഥാപിച്ചിരിക്കുന്നത്.
കേന്ദ്ര–സംസ്ഥാന സർക്കാരുകൾ, ബെംഗളൂരു മഹാനഗര സഭ (ബിബിഎംപി) എന്നിവയുടെ സഹകരണത്തോടെ ബിഎംടിസിയാണ് ക്ലിനിക് യാഥാർഥ്യമാക്കിയത്. രാവിലെ 11നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗതാഗത മന്ത്രി എച്ച്.എം.രേവണ്ണ, ആരോഗ്യമന്ത്രി കെ.ആർ.രമേഷ് കുമാർ, ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജ് എന്നിവർ മുഖ്യാതിഥികളാകും. ഇന്ദിരാഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായാണ് ഇന്ദിരാ ക്ലിനിക്കെന്നു പേരു നൽകിയതെന്ന് എച്ച്.എം.രേവണ്ണ പറഞ്ഞു. 15 ലക്ഷം രൂപ ചെലവിലാണ് ക്ലിനിക് സ്ഥാപിച്ചത്.
പരിചയ സമ്പന്നരായ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കും. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ പ്രവർത്തിക്കും. ജനങ്ങളിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇത്തരം ക്ലിനിക്കുകൾ മറ്റ് ബസ് സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഗാർമെന്റ് ഫാക്ടറികളിൽ ജോലി ചെയ്യുന്ന വനിതകൾക്കു കുറഞ്ഞ നിരക്കിൽ ബസ് സർവീസ് ലഭ്യമാക്കുന്ന ഇന്ദിര ട്രാൻസ്പോർട്, നിർമാണ മേഖലകളിൽ ജോലി ചെയ്യുന്ന വനിതകൾക്കു കുറഞ്ഞ നിരക്കിൽ ബിഎംടിസി ബസിൽ യാത്ര ചെയ്യാനുള്ള ഇന്ദിരാ പാസ് പദ്ധതികളും ഉടൻ യാഥാർഥ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.