ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും വിമാനത്താവളത്തിലേക്ക് വെറും 15 മിനിറ്റ്;രാജ്യത്തെ ആദ്യത്തെ ഹെലി ടാക്സി അവതരിച്ചത് ബെന്ഗലൂരുവില്‍.

ബെംഗളൂരു ∙ ടാക്സി കാർ പോലെ യാത്രക്കാർക്ക് എപ്പോൾ വേണമെങ്കിലും ബുക്ക് ചെയ്തു യാത്ര ചെയ്യാവുന്ന ഹെലി ടാക്സികളും വരുന്നു. രാജ്യാന്തര വിമാനത്താവളത്തിൽനിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ഹെലി–ടാക്സി സർവീസിനു മലയാളി ഉടമസ്ഥതയിലുള്ള തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതി കേന്ദ്രമന്ത്രി ജയന്ത് സിൻഹ ഉദ്ഘാടനം ചെയ്തു. റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ കെ.എൻ.ജി. നായർ നേതൃത്വം നൽകുന്ന കമ്പനിയാണു തുമ്പി ഏവിയേഷൻ.

മൂന്നു മാസത്തിനകം ഇലക്ട്രോണിക് സിറ്റിയിലേക്കും പിന്നീട് ഘട്ടംഘട്ടമായി വൈറ്റ്‌ഫീൽഡ്, പഴയ എച്ച്എഎൽ വിമാനത്താവളം എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങും. ഇലക്ട്രോണിക് സിറ്റിയിൽ പുതുതായി ഹെലിപോർട്ട് നിർമിക്കും. വിമാനത്താവളത്തിൽനിന്നു 15 മിനിറ്റ് കൊണ്ട് ഇലക്ട്രോണിക് സിറ്റിയിലെത്തും. 50 കിലോമീറ്റർ ദൂരം താണ്ടാൻ നിലവിൽ റോഡിലെ ഗതാഗതക്കുരുക്കനുസരിച്ച് ഒന്നരമുതൽ മൂന്നു മണിക്കൂറിലേറെ വേണം. ഹെലി ടാക്സി നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല.

ഇലക്ട്രോണിക് സിറ്റിയിൽനിന്നു വിമാനത്താവളം വരെ 1500– 2500 രൂപയാണ് ടാക്സികൾ ഈടാക്കുന്നത്. എസി ടാക്സികളോട് കിടപിടിക്കുന്ന വിധം വേണം ഹെലി–ടാക്സി സർവീസുകൾക്കു നിരക്കു നിശ്ചയിക്കാനെന്നു മന്ത്രി ജയന്ത് സിൻഹഉദ്ഘാടനച്ചടങ്ങിൽ നിർദേശിച്ചു. ഹെലി–ടാക്സി സർവീസുകൾ സ്വീകാര്യമാക്കുന്നതിൽ മറ്റു നഗരങ്ങൾക്കു മാതൃകയാകാൻ ബെംഗളൂരുവിനു സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിന്റെ അതേ വലുപ്പമുള്ള ബ്രസീലിലെ സാവോപോളോ നഗരത്തിൽ 300 ഹെലികോപ്റ്ററുകളാണ് ഇത്തരം സർവീസുകൾ നടത്തുന്നത്.

അത്യാഹിത സന്ദർഭങ്ങളിൽ രോഗികളെ കൊണ്ടുപോകാനും ഹെലി–ടാക്സി ഉപയോഗപ്പെടുമെന്നു മന്ത്രി ആർ.വി. ദേശ്പാണ്ഡെപറഞ്ഞു. നഗരത്തിലെ ബഹുനിലക്കെട്ടിടങ്ങളുടെ ഹെലിപ്പാഡുകളെല്ലാം കാലക്രമേണ ഇത്തരം സർവീസിന് ഉപയോഗപ്പെടുത്തും. നഗരത്തിൽ തൊണ്ണൂറോളം ഹെലിപ്പാ‍ഡുകളാണുള്ളത്. ആറു പേർക്കു യാത്ര ചെയ്യാവുന്ന ബെൽ 407 ചോപ്പറാണ് ആദ്യഘട്ടത്തിൽ സർവീസിന് ഉപയോഗിക്കുകയെന്നു തുമ്പി ഏവിയേഷൻ ചീഫ് മാനേജിങ് ഡയറക്ടർ റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ കെ.എൻ.ജി. നായർ പറഞ്ഞു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളം (ബിഐഎഎൽ) പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഹരി മാരാർ ചടങ്ങിൽ പങ്കെടുത്തു.

https://bengaluruvartha.in/archives/6334

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us