ബെംഗളൂരു: ജാപ്പനീസ് അനിമേഷൻ ലോകത്തെ പ്രശസ്തമായ അകിഹബാര നഗരത്തെ അനുസ്മരിപ്പിക്കുന്ന വിധം വൈവിധ്യമാർന്ന നിറങ്ങളാലും ദൃശ്യവിരുന്നുകളാലും സമ്പന്നമായി ബെംഗളൂരു ‘പാക്സ്’ (PAX Bengaluru) അനിമേഷൻ കാർണിവൽ സമാപിച്ചു. കോറമംഗല നെക്സസ് മാളിൽ വച്ച് കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന മേള, അനിമേഷൻ-മാംഗ (ജാപ്പനീസ് കോമിക്സ്) പ്രേമികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഡെമൺ സ്ലേയർ, ഡോക്ടർ സ്ട്രേഞ്ച് തുടങ്ങി നിരവധി പ്രശസ്ത സിനിമകളിലെയും അനിമേഷൻ പരമ്പരകളിലെയും കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയുമായി (കോസ്പ്ലേ) എത്തിയ കലാകാരന്മാരായിരുന്നു മേളയുടെ പ്രധാന ആകർഷണം. വസ്ത്രധാരണത്തിലെ തനിമ കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും കോസ്പ്ലേ വേദി സന്ദർശകരെ ഏറെ ആകർഷിച്ചു. ശനിയാഴ്ച നടന്ന മത്സരങ്ങളിൽ റാബിറ്റ് ഹോൾ മികു എന്ന വേഷം ധരിച്ച സുദീക്ഷ, കിഗോരു ഷിനോമിയയായി എത്തിയ ലിയോണാര, ഗെതോ സുഗുരുവിന്റെ വേഷമിട്ട പ്രണവ് എന്നിവർ വിജയികളായി. ഞായറാഴ്ച ഡോക്ടർ സ്ട്രേഞ്ചായി വേഷമിട്ട ഷമന്നോയ് മജുംദാർ ഒന്നാം സ്ഥാനം നേടിയപ്പോൾ, ഗുണ്ടം വേഷമിട്ട അജയ്, ഡെമൺ സ്ലേയറിലെ ഹാൻടെൻഗു എന്ന കഥാപാത്രമായി എത്തിയ ഷബാസ് എന്നിവരും പുരസ്കാരങ്ങൾ കരസ്ഥമാക്കി.
കാർണിവൽ വേദികളിൽ ആഗോള തലത്തിൽ തരംഗമായ നരുട്ടോ, വൺ പീസ്, ജുജുത്സു കൈസെൻ, സ്പൈ എക്സ് ഫാമിലി തുടങ്ങിയ ജനപ്രിയ മാംഗ പുസ്തകങ്ങളുടെ വൻ ശേഖരമാണ് വായനക്കാർക്കായി ഒരുക്കിയിരുന്നത്. കൾട്ട് വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളും യുവകലാകാരന്മാരുടെ ആരാധക കൂട്ടായ്മകൾ ഒരുക്കിയ സ്റ്റാളുകളും മേളയ്ക്ക് മാറ്റുകൂട്ടി. തത്സമയം കാരിക്കേച്ചർ വരയ്ക്കുന്ന സ്റ്റാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ജാപ്പനീസ് വിഭവങ്ങളായ മാച്ചാ, ജാപ്പനീസ് ചീസ് കേക്ക്, മോച്ചി, കറി ബൺസ്, മെലൺപാൻ എന്നിവയുടെ തനത് രുചികൾ ആസ്വദിക്കാനുള്ള അവസരവും മേളയിൽ ഉണ്ടായിരുന്നു. ജപ്പാനിൽ നിന്നുള്ള പ്രശസ്ത കോസ്പ്ലേ കലാകാരിയും ഒടാടോക്യോ സംഘാടകയുമായ അരിയയും മേളയിൽ അതിഥിയായി പങ്കെടുത്തു. ജപ്പാനിലെ ഒടാകു സംസ്കാരം ഇന്ത്യയിൽ കൂടുതൽ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നതായും ഇന്ത്യൻ ജനതയുടെ സ്നേഹവും അനിമേഷൻ ലോകത്തോടുള്ള താല്പര്യവും ഏറെ സന്തോഷം നൽകുന്നതാണെന്നും അവർ പ്രതികരിച്ചു.
