യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിലെ കടുത്ത തിരക്കിന് പരിഹാരമായി ഓഗസ്റ്റോടെ മൂന്ന് പുതിയ ആറ് കോച്ചുകളുള്ള ട്രെയിനുകൾ സർവീസിനായി എത്തിയേക്കും. സി.ആർ.ആർ.സി – ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടി.ആർ.എസ്.എൽ) നിർമ്മിച്ച ട്രെയിനുകളാണ് സർവീസിനൊരുങ്ങുന്നത്. ഈ ട്രെയിനുകളുടെ ആദ്യ മാതൃക (പ്രോട്ടോടൈപ്പ്) നഗരത്തിൽ എത്തിച്ച് ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇവ യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷൻ (സി.ആർ.ആർ.സി) നിർമ്മിച്ച് 2025 ജനുവരിയിൽ ബെംഗളൂരുവിൽ എത്തിച്ച പ്രോട്ടോടൈപ്പ് ഉൾപ്പെടെ മൂന്ന് ഡിസ്റ്റൻസ്-ടു-ഗോ (ഡി.ടി.ജി) ട്രെയിനുകൾ ലഭ്യമായിട്ടുണ്ടെന്ന് ബി.എം.ആർ.സി.എൽ വൃത്തങ്ങൾ അറിയിച്ചു.

ചെന്നൈ തുറമുഖത്ത് വെച്ചുണ്ടായ ഗതാഗതത്തിനിടയിൽ പ്രോട്ടോടൈപ്പ് ട്രെയിനിന് സംഭവിച്ച വലിയ കേടുപാടുകളാണ് ഇതിന്റെ അറ്റകുറ്റപ്പണികളും പരിശോധനകളും വൈകാൻ കാരണമായതെന്ന് ബി.എം.ആർ.സി.എൽ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ സർവീസ് നടത്തുന്ന സമയമല്ലാത്ത രാത്രിയും പുലർച്ചെയുമുള്ള സമയങ്ങളിൽ മാത്രമാണ് ഗ്രീൻ ലൈനിൽ ഇവയുടെ പരീക്ഷണ ഓട്ടം നടത്താൻ സാധിച്ചത്. ആഴ്ചയിൽ നാലോ അഞ്ചോ ദിവസങ്ങളിൽ പ്രതിദിനം നാല് മണിക്കൂർ മാത്രമാണ് പരിശോധനയ്ക്കായി ലഭിച്ചത്. ചില പരീക്ഷണങ്ങൾ മുഴുവൻ കോറിഡോറിലും നടത്തേണ്ടി വന്നതും വൈകാൻ കാരണമായി. നിലവിലുള്ള ബി.ഇ.എം.എൽ ട്രെയിനുകൾ നിർത്തുന്ന അതേ സ്ഥാനത്ത് കൃത്യമായി നിർത്താനുള്ള പരീക്ഷണങ്ങളും ഇതിന്റെ ഭാഗമായി നടത്തി. നിലവിൽ ഓസിലേഷൻ ട്രയലുകൾ പൂർത്തിയാക്കി റെയിൽവേ ബോർഡിന്റെ അംഗീകാരം നേടിയിട്ടുണ്ട്. ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ (എ.ടി.ഓ) മോഡിലെ ചില സാങ്കേതിക തടസ്സങ്ങൾ ആൽസ്റ്റം കമ്പനി പരിഹരിച്ചുവരികയാണ്. ഇതിനുശേഷം മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (സി.എം.ആർ.എസ്) അന്തിമ അനുമതിക്കായി അപേക്ഷിക്കും. ഒരു മാസത്തിനകം ഈ നടപടികൾ പൂർത്തിയാക്കി ഓഗസ്റ്റോടെ മൂന്ന് ട്രെയിനുകളും സർവീസിിലിറക്കാനാണ് പദ്ധതി.

  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

പരിപാലനം എളുപ്പമാക്കുന്നതിനായി പുതിയ 21 സി.ആർ.ആർ.സി – ടിറ്റാഗഡ് ട്രെയിനുകളും 33 കിലോമീറ്റർ നീളമുള്ള ഗ്രീൻ ലൈനിൽ മാത്രമായി സർവീസ് നടത്താനാണ് ബി.എം.ആർ.സി.എൽ തീരുമാനം. ബാക്കിയുള്ള 20 ട്രെയിനുകൾ പശ്ചിമ ബംഗാളിലെ ഉത്തർപാറയിലുള്ള ടിറ്റാഗഡ് ഫാക്ടറിയിൽ നിർമ്മാണത്തിലാണ്. ഇവയുടെ ഭാഗങ്ങൾ പീനിയ ഡിപ്പോയിൽ കേന്ദ്രീകരിക്കും. ഇതോടെ, ഗ്രീൻ ലൈനിൽ നിലവിലുള്ള 17 ബി.ഇ.എം.എൽ ട്രെയിനുകൾ ഘട്ടംഘട്ടമായി തിരക്കേറിയ പർപ്പിൾ ലൈനിലേക്ക് മാറ്റും. പുതിയ ട്രെയിനുകൾ വരുന്നതോടെ പർപ്പിൾ ലൈനിൽ 17 ട്രെയിനുകളുടെയും ഗ്രീൻ ലൈനിൽ 4 ട്രെയിനുകളുടെയും നെറ്റ് വർദ്ധനവുണ്ടാകും. നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിലായി ആകെ 57 ട്രെയിനുകൾ മാത്രമാണുള്ളത്. ഇത് പീക്ക് അവേഴ്സിൽ കനത്ത തിരക്കിന് കാരണമാകുന്നുണ്ട്. 2027 മാർച്ചോടെ മുഴുവൻ ട്രെയിനുകളും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

മറ്റ് ലൈനുകളായ പിങ്ക്, യെല്ലോ, ബ്ലൂ എന്നിവടങ്ങളിലും മെട്രോ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ്. കാലേന അഗ്രഹാര മുതൽ തവരെക്കരെ വരെയുള്ള പിങ്ക് ലൈനിലെ 7.5 കിലോമീറ്റർ എലിവേറ്റഡ് പാത ഓഗസ്റ്റ് 15-ഓടെ തുറക്കാൻ സാധ്യതയുണ്ട്. ഡ്രൈവർരഹിതമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന 6 ട്രെയിനുകൾ ബി.ഇ.എം.എൽ ഇതിനായി നൽകിയിട്ടുണ്ട്. സി.ബി.ടി.സി സിഗ്നലിങ് സംവിധാനത്തിന് റെയിൽവേ ബോർഡിന്റെ തത്വത്തിലുള്ള അംഗീകാരവും ആർ.ഡി.എസ്.ഒയുടെ താൽക്കാലിക വേഗതാ സർട്ടിഫിക്കറ്റും അടുത്ത ആഴ്ചകളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. തവരെക്കരെ മുതൽ നാഗവാര വരെയുള്ള 13.7 കിലോമീറ്റർ ഭൂഗർഭ പാത 2027 മാർച്ചോടെ പൂർത്തിയാകും.

ആർ.വി റോഡ് – ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ ജൂലൈ 15-ഓടെ 15 ട്രെയിനുകൾ ലഭ്യമാകും. ഇതിൽ 12 എണ്ണം സർവീസിനായും മറ്റുള്ളവ അധിക ട്രെയിനുകളായും സൂക്ഷിക്കും. ഇതോടെ തിരക്കുള്ള സമയങ്ങളിൽ ആറ് മിനിറ്റ് ഇടവേളയിൽ സർവീസ് നടത്താൻ സാധിക്കും. ഔട്ടർ റിംഗ് റോഡ് ബ്ലൂ ലൈനായി രണ്ടാമത്തെ ട്രെയിൻ സെറ്റ് ബി.ഇ.എം.എൽ കൈമാറിയിട്ടുണ്ട്. ഒക്ടോബറോടെ കെ.ആർ പുരം മുതൽ മാരത്തഹള്ളി വരെയും സാധ്യമെങ്കിൽ എച്ച്.എസ്.ആർ ലേഔട്ട് വരെയും പരീക്ഷണ ഓട്ടം നടത്താനാണ് ബി.എം.ആർ.സി.എൽ ലക്ഷ്യമിടുന്നത്. എന്നാൽ ബയ്യപ്പനഹള്ളി ഡിപ്പോയുടെ നിർമ്മാണം പൂർത്തിയാകാനുള്ളത് ഇതിനൊരു തടസ്സമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts