കൊച്ചി: വൻ ജനപ്രീതിയാർജ്ജിച്ച എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് മണിക്കൂറുകളോളം വൈകുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഒൻപത് മണിക്കൂറിലധികം വൈകിയാണ് ബംഗളൂരുവിൽ എത്തിയത്. ഇതോടെ കടുത്ത അമർഷത്തിലായ യാത്രക്കാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് ട്വിറ്ററിലൂടെ (എക്സ്) പരാതികളുടെ പ്രളയമയച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ രാത്രി 9.07-നാണ് സ്റ്റേഷൻ വിട്ടത്. റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർക്ക് ആറ് മണിക്കൂറിലേറെ സമയമാണ് പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കേണ്ടി വന്നത്. തുടർന്ന് രാത്രി 11 മണിക്ക് ബംഗളൂരുവിൽ എത്തിച്ചേരേണ്ടിയിരുന്ന ട്രെയിൻ ബുധനാഴ്ച രാവിലെ 7.51-നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ബംഗളൂരുവിൽ ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും വിവിധ സർവകലാശാലകളിൽ പഠിക്കുന്നവരുമായ ആയിരക്കണക്കിന് മലയാളികളാണ് ട്രെയിൻ വൈകിയതുമൂലം കടുത്ത പ്രതിസന്ധിയിലായത്. തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ഇത്തരത്തിൽ ട്രെയിൻ സർവീസ് വൈകിയതായാണ് യാത്രക്കാർ വ്യക്തമാക്കുന്നത്.
ബംഗളൂരുവിൽ നിന്നുള്ള സർവീസ് കൃത്യസമയത്ത് എറണാകുളത്ത് എത്താത്തതാണ് ഇവിടെ നിന്നുള്ള മടക്കയാത്ര വൈകാൻ കാരണമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. ബംഗളൂരു മേഖലയിലെ ട്രാഫിക് ക്രമീകരണങ്ങളും റെയിൽവേ ബ്ലോക്കുകളുമാണ് വന്ദേ ഭാരതിന്റെ സമയക്രമം തെറ്റിക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.
തുടക്കം മുതൽ വലിയ ജനപ്രീതി നേടിയ സർവീസാണ് നിലവിൽ പ്രതിസന്ധി നേരിടുന്നത്. എട്ട് കോച്ചുകളിലായി ഒരു സർവീസിൽ ഏകദേശം 530 സീറ്റുകളുള്ള ഈ വന്ദേ ഭാരതിൽ, സർവീസ് തുടങ്ങി ആദ്യത്തെ ഒരു മാസം കൊണ്ടുതന്നെ 55,000-ത്തിലധികം ആളുകളാണ് യാത്ര ചെയ്തത്. പ്രീമിയം നിരക്ക് ഈടാക്കുന്ന ട്രെയിൻ ഇത്തരത്തിൽ മണിക്കൂറുകളോളം വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും, സമയക്രമം പാലിക്കാൻ റെയിൽവേ അടിയന്തരമായി ഇടപെടണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]