ബെംഗളൂരു: നെലമംഗലയിൽ കാണാതായ പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പ് ചാവി വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദനനായകനഹള്ളി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബള്ളാരി സ്വദേശിയും ബെംഗളൂരുവിൽ താമസക്കാരനുമായ രാമു എന്ന യുവാവാണ് പോലീസിനെ മുൾമുനയിൽ നിർത്തിയത്.
കാണാതായ 17 വയസ്സുകാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് രാമുവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ, പോക്സോ (Pocso) നിയമപ്രകാരമുള്ള കടുത്ത നടപടികൾ ഭയന്ന യുവാവ് പരിഭ്രാന്തനാവുകയും സ്റ്റേഷനിലെ ലോക്കപ്പ് ചാവി കൈക്കലാക്കി വിഴുങ്ങുകയുമായിരുന്നു. യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ പരിഭ്രാന്തരായ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
യുവാവിന്റെ ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയ വേണമെന്ന് ആദ്യം കരുതിയെങ്കിലും ഡോക്ടർമാർ മറ്റൊരു വിചിത്രമായ മാർഗ്ഗമാണ് സ്വീകരിച്ചത്. സ്വാഭാവികമായ രീതിയിൽ ചാവി പുറത്തുവരുന്നതിനായി മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 10 കിലോയോളം പഴമാണ് യുവാവിനെ കഴിപ്പിച്ചത്. ഡോക്ടർമാരുടെയും പോലീസിന്റെയും കർശനമായ നിരീക്ഷണത്തിനൊടുവിൽ ഈ ‘പഴം പ്രയോഗം’ ഫലം കാണുകയും ചാവി ശരീരത്തിന് പുറത്തെത്തുകയും ചെയ്തു. നിലവിൽ യുവാവിനെതിരെ ആത്മഹത്യാശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കാണാതായ പെൺകുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]