ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ബംഗളൂരു: ഹെബ്ബാളിലെ ഹ്രസ്വ തുരങ്കപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നാലെ, നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗൊരഗുണ്ടെപാളയ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനായി പുതിയ ഭൂഗർഭ തുരങ്കപ്പാത നിർദ്ദേശിച്ച് ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ). ഔട്ടർ റിങ് റോഡിൽ (ORR) തുമകൂരു റോഡ് ജംഗ്ഷനെ മുറിച്ചുകടന്ന് ഡോ. രാജ്‌കുമാർ മെമ്മോറിയലിനെയും ബെൽ (BEL) സർക്കിളിനെയും പരസ്പരം ബന്ധിപ്പിക്കുന്ന 4.5 കിലോമീറ്റർ നീളമുള്ള ആറുവരി ഭൂഗർഭ തുരങ്കപ്പാതയാണ് ബി.ഡി.എ വിഭാവനം ചെയ്യുന്നത്.

നിർദ്ദിഷ്ട തുരങ്കപ്പാതയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) ഉടൻ തയ്യാറാക്കുമെന്നും, ഇത് പൂർത്തിയാകുന്നതോടെ സംസ്ഥാന സർക്കാരിന്റെ അനുമതി തേടുമെന്നും ബി.ഡി.എ കമ്മീഷണർ മേജർ പി. മണിവണ്ണൻ അറിയിച്ചു. പദ്ധതിയുടെ സാങ്കേതിക സാധ്യതകൾ, യാത്ര സമയം എത്രത്തോളം കുറയ്ക്കാനാകും എന്ന കാര്യം, ഈ മേഖലയിൽ വരാനിരിക്കുന്ന മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായുള്ള സംയോജനം എന്നിവ ഡി.പി.ആർ പരിശോധിക്കുമെന്ന് ബി.ഡി.എയിലെ മുതിർന്ന എൻജിനീയർ വ്യക്തമാക്കി. നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിൽ ഈ ഇടനാഴിയിലൂടെ മെട്രോയും ഫ്ലൈഓവറും ഒരുമിച്ച് വരുന്ന ഡബിൾ ഡെക്കർ പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. പുതിയ തുരങ്കപ്പാത വരുന്നതോടെ തുമകൂരു റോഡിൽ നിന്ന് ബെൽ ജംഗ്ഷനിലേക്കും ഡോ. രാജ്‌കുമാർ മെമ്മോറിയലിലേക്കും പോകുന്ന വാഹനയാത്രക്കാർക്കായി പ്രത്യേക ഭൂഗർഭ ലൂപ്പുകളും സജ്ജീകരിക്കും. നിർമ്മാണത്തിനായി ‘കട്ട് ആൻഡ് കവർ’, ‘ബോക്സ് പുഷ്’ അല്ലെങ്കിൽ ‘ടണൽ ബോറിങ് മെഷീൻ’ എന്നിവയിൽ ഏത് സാങ്കേതികവിദ്യയാണ് ഉപയോഗിക്കേണ്ടതെന്ന് ബി.ഡി.എ തീരുമാനിച്ചിട്ടില്ല. എന്നാൽ ഈ റൂട്ടിൽ ലഭ്യമായ ചില ശൂന്യമായ ഭൂപ്രദേശങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിൽ ജെ.പി നഗർ നാലാം ഘട്ടം മുതൽ ഹെബ്ബാളിലെ കെമ്പാപുര വരെ 37 കിലോമീറ്റർ നീളത്തിലാണ് ഡബിൾ ഡെക്കർ ഇടനാഴി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിലെ എലവേറ്റഡ് റോഡിന് മാത്രം 9,692.33 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഗൊരഗുണ്ടെപാളയയിൽ പുതിയൊരു സ്റ്റേഷൻ നിർമ്മിച്ച് അതിനെ ഫൂട്ട് ഓവർ ബ്രിഡ്ജ് (FOB) വഴി നിലവിലെ ഗ്രീൻ ലൈൻ സ്റ്റേഷനുമായി ബന്ധിപ്പിക്കാനും മെട്രോ അധികൃതർക്ക് പദ്ധതിയുണ്ട്. ബി.ഡി.എയുടെ തുരങ്കപ്പാതയുടെ ഡി.പി.ആർ തയ്യാറാക്കുമ്പോൾ മെട്രോയുടെ ഈ ഡബിൾ ഡെക്കർ പദ്ധതിയുടെ അലൈൻമെന്റും കൂടി പരിഗണിക്കും.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

തുടക്കത്തിൽ ബംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷൻ വിഭാവനം ചെയ്ത ഗൊരഗുണ്ടെപാളയ ടണൽ പദ്ധതി പിന്നീട് കൂടുതൽ സാമ്പത്തിക ശേഷിയുള്ള ബി.ഡി.എയ്ക്ക് കൈമാറുകയായിരുന്നു. നിലവിൽ ഹെബ്ബാളിൽ 1,139.67 കോടി രൂപ ചിലവിൽ 2.2 കിലോമീറ്റർ നീളമുള്ള തുരങ്കപ്പാതയുടെ നിർമ്മാണം ബി.ഡി.എ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരിട്ടായിരിക്കും ഈ രണ്ട് പദ്ധതികളുടെയും പുരോഗതി വിലയിരുത്തുക. അതേസമയം, വലിയ ചിലവുള്ള പൊതുഗതാഗത പദ്ധതിയായ നമ്മ മെട്രോയുടെ ഡബിൾ ഡെക്കർ നിർദ്ദേശത്തെ ചില ഗതാഗത വിദഗ്ദ്ധർ എതിർക്കുന്ന സാഹചര്യത്തിലാണ് ബി.ഡി.എയുടെ ഈ പുതിയ ഭൂഗർഭ തുരങ്കപ്പാത നിർദ്ദേശം പുറത്തുവരുന്നത്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts