ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ അമിത ചാർജ് ഈടാക്കലിനെതിരെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 15 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ തന്റെ സുഹൃത്തിൽ നിന്ന് 1200 രൂപയാണ് ഈടാക്കിയതെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സന്യ സിങ് പങ്കുവെച്ച വീഡിയോയിൽ ആരോപിക്കുന്നു. മഴ പെയ്യുന്ന സമയത്ത് നഗരത്തിലെ യാത്രാദുരിതം വിവരിച്ചുകൊണ്ടാണ് സന്യ രംഗത്തെത്തിയത്.
മഴയത്തുള്ള കനത്ത ട്രാഫിക്കിൽ 15 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സുഹൃത്തിന് മൂന്ന് മണിക്കൂർ വേണ്ടിവന്നുവെന്ന് സന്യ വീഡിയോയിൽ പറയുന്നു. “ബെംഗളൂരുവിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല. ആ 1200 രൂപയ്ക്ക് ഞങ്ങൾക്ക് രണ്ട് തവണ വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ വാങ്ങാമായിരുന്നു. മഴ പെയ്യുന്നത് കാരണമാണ് ഇത്രയും വലിയ തുക ഡ്രൈവർ ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ സുഹൃത്തിനെ വഴിയിൽ ഇറക്കിവിടുമെന്ന അവസ്ഥയായിരുന്നു. സുരക്ഷിതമായി വീട്ടിലെത്താൻ ആ തുക നൽകേണ്ടി വന്നു,” സന്യ പറഞ്ഞു.
നഗരത്തിൽ ഒരു റൈഡ് ബുക്ക് ചെയ്യുക എന്നത് കോളേജ് അഡ്മിഷൻ നേടുന്നതിനേക്കാൾ പ്രയാസകരമാണെന്നും സന്യ പരിഹസിച്ചു. വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മഴക്കാലമായാൽ ബെംഗളൂരുവിലെ ഓട്ടോ-ടാക്സി നിരക്കുകൾ താങ്ങാനാവുന്നതിലും അപ്പുറമാണെന്നും, കൃത്യമായ നിയന്ത്രണങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നുമാണ് പൊതുവായ പരാതി. തുകയുടെ കാര്യത്തിൽ തർക്കമുണ്ടായാൽ ഡ്രൈവർമാർ മോശമായി പെരുമാറുന്നതായും യാത്രക്കാർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]