കൊച്ചി: ദക്ഷിണേന്ത്യയിൽ സർവീസ് വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ ജർമൻ ട്രാവൽ കമ്പനിയായ ഫ്ലിക്സ് ബസ് കേരളത്തിലേക്കും സർവീസിനൊരുങ്ങുന്നു.
ദക്ഷിണേന്ത്യയിൽ ആദ്യമായി ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് ഇൻ്റർസിറ്റി സർവീസ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് കേരളത്തിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കാനുള്ള ഫ്ലിക്സ് ബസിൻ്റെ നീക്കം.
ഈ വർഷം അവസാനത്തോടെ ഫ്ലിക്സ് ബസ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്.
തുച്ഛമായ ടിക്കറ്റ് നിരക്കുകൊണ്ട് ശ്രദ്ധേയമായ ഫ്ലിക്സ് ബസ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ദക്ഷിണേന്ത്യയിലേക്ക് സർവീസ് വ്യാപിപ്പിച്ചത്.
സെപ്റ്റംബർ 10 മുതൽ ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – ഹൈദരാബാദ് റൂട്ടിൽ സർവീസ് ആരംഭിച്ചിരുന്നു.
ഇതിന് മുന്നോടിയായി സ്പെഷ്യൽ ടിക്കറ്റ് നിരക്കും കമ്പനി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ മൂന്നുമുതൽ 15 വരെ ബുക്ക് ചെയ്യുന്നവർക്ക് 99 രൂപയ്ക്ക് ഇൻ്റർസിറ്റി യാത്ര സാധ്യമാകുന്ന ഓഫർ ആണ് നൽകിയിരുന്നത്.
ബെംഗളൂരുവിൽനിന്ന് സർവീസ് ആരംഭിച്ചതിന് പിന്നാലെ കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലേക്കു കൂടി സർവീസ് നീട്ടുമെന്ന് ഫ്ലിക്സ് ബസ് പ്രഖ്യാപിച്ചിരുന്നു.
നിലവിൽ ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – ഹൈദരാബാദ് സർവീസിന് പുറമേ, ബെംഗളൂരു – സേലം, ബെംഗളൂരു – മധുരൈ, ബെംഗളൂരു – ഹുബ്ലി സർവീസുകൾ ഫ്ലിക്സ് ബസ് നടത്തിവരുന്നുണ്ട്.
ചെന്നൈയിൽനിന്ന് ബെംഗളൂരു, കോയമ്പത്തൂർ, ഹൈദരാബാദ്, സേലം, ഹുബ്ലി റൂട്ടുകളിലും സർവീസ് ആരംഭിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ നാല് ബസുകൾ ഉപയോഗിച്ചു ബെംഗളൂരുവിൽനിന്ന് എറണാകുളം (കൊച്ചി), ആലപ്പുഴ ജില്ലകളിലേക്ക് സർവീസ് നടത്താനാണ് ഫ്ലിക്സ് ബസ് ഒരുങ്ങുന്നത്.
കൊച്ചി, ആലപ്പുഴ, തൃശൂർ, പാലക്കാട് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഫ്ലിക്സ് ബസ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മാനേജിങ് ഡയറക്ടർ സുര്യ ഖുറാനയെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തു.
കേരളത്തിലേക്കുള്ള സർവീസുകൾക്കായി ലോക്കൽ ബസ് ഓപ്പറേറ്റർമാരുമായി പങ്കാളിത്തത്തിലേർപ്പെടുനാള്ള ചർച്ചകൾ കമ്പനിതലത്തിൽ പുരോഗമിക്കുകയാണ്.
ജർമനിയിലെ ബവാറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെക് – ട്രാവൽ കമ്പനിയായ ഫ്ലിക്സ് ബസ് യൂറോപ്പ്യൻ രാജ്യങ്ങളിലുടനീളം ദീർഘദൂര സർവീസുകൾ നടത്തിവരുന്നുണ്ട്.
30ലധികം രാജ്യങ്ങളിലെ 2500ലധികം നഗരങ്ങളിലേക്ക് ഫ്ലിക്സ് ബസിന് സർവീസുണ്ട്. ഫ്ലിക്സ് ബസിൻ്റെ മൊത്തം റൂട്ടുകളുടെ എണ്ണം 4,00,000 എന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെ 101 നഗരങ്ങളിലേക്കും 215 സ്റ്റോപ്പുകളിലേക്കും സർവീസ് നീട്ടാനാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ ഉത്തരേന്ത്യയിൽ ഡൽഹി, ഛണ്ഡീഗഡ്, ലക്നൗ എന്നിവിടങ്ങളിൽ നിന്നാണ് ഫ്ലിക്സ് ബസ് സർവീസ് നടത്തിവരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.