ബെംഗളൂരു : ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്കായി പൊളിച്ചു നീക്കേണ്ടിവരുന്നത് 650-ഓളം കെട്ടിടങ്ങൾ.
അടുത്തിടെ ബെംഗളൂരു സബർബൻ റെയിൽ പ്രോജക്ട് (ബി.എസ്.ആർ.പി.) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇത്രയും നിർമിതികൾ പൊളിക്കേണ്ടിവരുന്നത്.
148 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിലെ നാലു ഇടനാഴികൾ നിർമിക്കുന്നതിനായി വാണിജ്യകെട്ടിടങ്ങൾ, വീടുകൾ തുടങ്ങിയവയാണ് പൊളിച്ചുനീക്കുന്നത്.
രണ്ടാം ഇടനാഴിയായ ബൈയപ്പനഹള്ളി – ചിക്കബാനവാര പാതയ്ക്കുവേണ്ടിയാണ് കൂടുതൽ നിർമിതികൾ പൊളിക്കേണ്ടത്.
ഈ ഭാഗത്ത് 289 കെട്ടിടങ്ങളാണ് പൊളിക്കാനായി കണ്ടെത്തിയിട്ടുള്ളത്. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നാലാം ഇടനാഴിയായ ഹീലലിഗെ- രാജനകുണ്ഡെ പാതയ്ക്കായി 140 കെട്ടിടങ്ങളാണ് പൊളിക്കാനായി കണ്ടെത്തിയിട്ടുള്ളത്.
മൂന്നാം ഇടനാഴിയായ കെങ്കേരി – വൈറ്റ്ഫീൽഡ് പാതയ്ക്കായി 135 കെട്ടിടങ്ങളും നാലാം ഇടനാഴിയായ മജെസ്റ്റിക് – ദേവനഹള്ളി പാതയ്ക്കായി 85 കെട്ടിടങ്ങളുമാണ് പൊളിക്കുന്നത്. പദ്ധതിക്കായി 233 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
റെയിൽവേ ഭൂമി, കർണാടക സർക്കാരിന്റെ കീഴിലുള്ള സ്ഥലം, വനഭൂമി, സ്വകാര്യ ഭൂമി തുടങ്ങിയവയാണ് ഏറ്റെടുക്കുന്നത്. സ്റ്റേഷനുകളുടെയും ഡിപ്പോകളുടെയും നിർമാണത്തിനാണ് കൂടുതൽ സ്ഥലം ആവശ്യമായിട്ടുള്ളത്. നാല് ഇടനാഴികളിലുമായി 69 സ്‌റ്റേഷനുകളാകും ഉണ്ടാവുക.
യശ്വന്തപുര, ബെന്നിഗനഹള്ളി, യെലഹങ്ക, കെ.എസ്.ആർ. ബെംഗളൂരു സിറ്റി എന്നിവിടങ്ങളിലാണ് ഇന്റർചേഞ്ച് സ്റ്റേഷനുകൾ നിശ്ചയിച്ചിരിക്കുന്നത്.
ഹീലലിഗെ – രാജനകുണ്ഡെ പാത പൂർത്തീകരിക്കുന്നതിനു വേണ്ടി കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്പ്‌മെന്റ് കമ്പനി ലിമിറ്റഡിന് (കെ-റൈഡ്) റെയിൽവേ അടുത്തിടെ 114 ഏക്കർ സ്ഥലം കൈമാറിയിട്ടുണ്ട്. സിവിൽ ജോലികൾക്കുള്ള കരാർ എൽ. ആൻഡ് ടി.ക്കാണ് നൽകിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.