ബെംഗളൂരു: സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലെ വിട്ടുമാറാത്ത ഗതാഗതക്കുരുക്കും തകർന്ന റോഡുകളും വീണ്ടും വാർത്തകളിൽ നിറയുന്നു. നഗരത്തിലെ മോശം റോഡ് സൗകര്യങ്ങൾ കാരണം സിവിൽ സർവീസ് സ്വപ്നങ്ങളുമായി എത്തിയ ആറ് യുപിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നാണ് പുതിയ ആക്ഷേപം. റോഡുകളിലെ വൻ കുഴികളും തടസ്സങ്ങളും കാരണം കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരാൻ കഴിയാതിരുന്നതാണ് വിദ്യാർത്ഥികൾക്ക് വിനയായത്.
വൈറ്റ്ഫീൽഡ്, മഹാദേവപുര തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾ ചാലൂക്യ സർക്കിളിലെ ആർ.സി. കോളേജ് പരീക്ഷാ കേന്ദ്രത്തിൽ എത്തുമ്പോഴേക്കും നിശ്ചിത സമയം അതിക്രമിക്കുകയും കേന്ദ്രത്തിന്റെ ഗേറ്റുകൾ അടയ്ക്കുകയും ചെയ്തിരുന്നു. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥികൾ പരീക്ഷ എഴുതാനാകാതെ കണ്ണീരോടെയും കടുത്ത നിരാശയോടെയും മടങ്ങേണ്ടി വന്നു.
ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും റോഡുകളുടെ ദയനീയ അവസ്ഥയും ഒരു കൂട്ടം യുവാക്കളുടെ ഭാവിക്ക് തന്നെ തിരിച്ചടിയായ സംഭവത്തിൽ പൊതുജനങ്ങൾക്കിടയിലും ഉദ്യോഗാർത്ഥികൾക്കിടയിലും കടുത്ത അമർഷം പുകയുകയാണ്. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ വീഴ്ചയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]