മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് ‘മെഡിക്കൽ ബന്ദ്’; കാരണം ഇത്

ബെംഗളൂരു: ഓൺലൈൻ മരുന്ന് വിതരണ ആപ്പുകൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് മെയ് 20-ന് കർണാടകയിലുടനീളം മരുന്ന് കടകൾ പണിമുടക്കുന്നു. ബെംഗളൂരുവിലെ 6,500 എണ്ണം ഉൾപ്പെടെ സംസ്ഥാനത്തെ 26,000 ഫാർമസികളാണ് അന്നേ ദിവസം അടച്ചിടുന്നത്. ഓൺലൈൻ മരുന്ന് വിൽപനയ്ക്കെതിരെ ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ നീക്കം.

കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് മരുന്നുകളുടെ ഓൺലൈൻ വിൽപനയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത്. എന്നാൽ സാഹചര്യം മാറിയിട്ടും ഈ അനുമതി പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ഫാർമസി ഉടമകൾ ആരോപിക്കുന്നു. വൻകിട ആപ്പുകൾ നൽകുന്ന വലിയ ഡിസ്കൗണ്ടുകളും ’10 മിനിറ്റ് ഡെലിവറി’ പോലുള്ള വാഗ്ദാനങ്ങളും സാധാരണ മരുന്ന് കടകളുടെ നിലനിൽപ്പിനെ ബാധിക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.

  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

സംസ്ഥാന വ്യാപകമായി നടത്തുന്ന ഈ പണിമുടക്കിൽ കടകൾ മുഴുവൻ സമയവും അടച്ചിടുമെന്ന് കർണാടക കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അംബെക്കല്ലു ജീവൻ കുശാലപ്പ അറിയിച്ചു. എന്നാൽ രോഗികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ആശുപത്രികളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഫാർമസികൾ തുറന്നുപ്രവർത്തിക്കും.

നിലവിലെ നിയമമനുസരിച്ച് ലൈസൻസുള്ള ഭൗതികമായ കടകൾ വഴി മാത്രമേ മരുന്ന് വിൽപന നടത്താവൂ എന്നിരിക്കെ, ഓൺലൈൻ വിൽപന നിയമവിരുദ്ധമാണെന്നാണ് ഇവരുടെ പക്ഷം. പുതിയ തലമുറയിലെ ഉപഭോക്താക്കൾ പൂർണ്ണമായും ഓൺലൈൻ സേവനങ്ങളിലേക്ക് മാറിയതോടെ കച്ചവടത്തിൽ വലിയ ഇടിവുണ്ടായതായി കടയുടമകൾ പറയുന്നു. മുതിർന്ന പൗരന്മാർ മാത്രമാണ് ഇപ്പോൾ നേരിട്ട് കടകളിൽ എത്തുന്നത്. ചെറുകിട പലചരക്ക് കടകളെ തകർത്തതുപോലെ മെഡിക്കൽ സ്റ്റോറുകളെയും കോർപ്പറേറ്റ് ആപ്പുകൾ വിഴുങ്ങുകയാണെന്ന ആശങ്കയിലാണ് വ്യാപാരികൾ. പണിമുടക്ക് വിജയിപ്പിക്കുന്നതിനായി വലിയ തയ്യാറെടുപ്പുകളാണ് അസോസിയേഷൻ നടത്തുന്നത്.

  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
[masterslider id="10"]

Related posts