ബെംഗളൂരു: ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിലേക്ക്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ പ്രകൃതിവാതക വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ, ബെംഗളൂരുവിലെ പ്രധാന വാതക വൈദ്യുതി നിലയം അടച്ചുപൂട്ടി.
നിലവിൽ പ്രതിദിനം 355 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കർണാടകയിൽ ആവശ്യമായി വരുന്നത്. ഗ്യാസ് പ്ലാന്റ് അടച്ചതോടെ ഈ കുറവ് നികത്താൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള താപ, ജല, സൗരോർജ്ജ നിലയങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരും. വേനൽ കടുക്കുന്നതോടെ വൈദ്യുതി ഉപഭോഗം ഇനിയും ഉയരുന്നത് സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ കാരണമായേക്കുമെന്ന് ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു.
ബെംഗളൂരു നഗരത്തിൽ പ്രവർത്തിക്കുന്ന 370 മെഗാവാട്ട് ശേഷിയുള്ള ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയത്തിന്റെ പ്രവർത്തനമാണ് മാർച്ച് 12 മുതൽ നിർത്തിവെച്ചത്. സംസ്ഥാനത്തിന്റെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും ഇവിടെ നിന്നും ലഭിക്കുന്ന ഊര്‍ജം ഉപയോഗിക്കാറുണ്ടെന്നാണ് കര്‍ണാടക പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപിസിഎല്‍) നല്‍കുന്ന വിവരം.
കഠിനമായ വേനൽക്കാലത്ത് വൈദ്യുതി ആവശ്യം വർധിച്ചുനിൽക്കുന്ന സാഹചര്യത്തിൽ പ്ലാന്റ് പൂട്ടുന്നത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകും. കര്‍ണാടക പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KPCL) ആണ് പ്ലാന്റ് അടച്ചുപൂട്ടിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
കേന്ദ്രത്തിന്റെ മുൻഗണനാ പട്ടിക
ഗ്യാസ് വിതരണത്തിൽ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ ഊര്‍ജ പ്രതിസന്ധി കണക്കിലെടുത്ത് ചില മേഖലകള്‍ക്ക് മാത്രം ഗ്യാസ് അനുവദിക്കാനാണ് കേന്ദ്ര തീരുമാനം. നിലവിലെ സാഹചര്യത്തിൽ താഴെ പറയുന്ന മേഖലകൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്:
പാചക വാതകം (എൽപിജി)
ഗതാഗത ഇന്ധനം (സിഎനിജി)
വളം ഫാക്ടറികൾ
വ്യാവസായിക ഉപയോക്താക്കൾ
ഈ മേഖലകളിലെ ആവശ്യങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ വൈദ്യുതി നിലയങ്ങൾക്ക് ഗ്യാസ് നൽകൂ എന്നാണ് കേന്ദ്ര ഉത്തരവ്. ഇതോടെയാണ് യെലഹങ്കയിലെ പ്ലാന്റിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]