ക്രിസ്മസിനോടനുബന്ധിച്ച് നാട്ടിലേക്കുള്ള ട്രെയിൻ യാത്ര ടിക്കറ്റ്റുകൾ വെയിറ്റിങ് ലിസ്റ്റായി: പ്രത്യേക സർവീസ് ഉടൻ വേണമെന്നാവശ്യം

ബെംഗളൂരു : ക്രിസ്മസിനോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റും ലഭ്യമല്ല. തെക്കൻ കേരളത്തിലേക്കും മലബാറിലേക്കുമുള്ള പ്രധാന തീവണ്ടികളിലാണ് റിസർവേഷൻ തീർന്നത്.

ഡിസംബർ 19 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ടിക്കറ്റ് കിട്ടാക്കനിയായിരിക്കുന്നത്. റിസർവേഷൻ ബാക്കിയുള്ള തീവണ്ടികളിലും സ്ലീപ്പർ ക്ലാസുകളിൽ നില വെയിറ്റിങ് ലിസ്റ്റ് 200-ന് മുകളിലാണ്. ഇതോടെ, ക്രിസ്മസ്-പുതുവത്സര പ്രത്യേക തീവണ്ടി സർവീസുകൾ ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.

ബെംഗളൂരുവിൽനിന്ന് കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്‌പ്രസിൽ (16526) ഡിസംബർ 19 മുതൽ 24 വരെ റിസർവേഷൻ തീർന്നു.

ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘റിഗ്രറ്റ്‌’ എന്നാണ് കാണിക്കുന്നത്. ഈ തീവണ്ടിയിൽ 25-ന് റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റ് 150-ന് മുകളിലാണ്. ഇതേസമയം 26, 27 തീയതികളിലേക്കുള്ള റിസർവേഷനും തീർന്നു. വെള്ളി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തുന്ന ഹംസഫർ എക്സ്‌പ്രസിലും 19-ാം തീയതിയിലേക്കുള്ള റിസർവേഷൻ തീർന്നു.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്‌പ്രസിൽ(16315) ഡിസംബർ 19 മുതൽ അടുത്ത ഒരു മാസത്തേക്ക് സ്ലീപ്പർ, തേഡ് എസി ക്ലാസുകളിൽ ബെർത്തുറപ്പുള്ള ടിക്കറ്റ് ലഭ്യമല്ല.

ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തുന്ന ഗരീബ് രഥ് എക്സ്‌പ്രസിൽ(12257) ഡിസംബർ 18 മുതൽ 30 വരെ റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റാണ്. ഡിസംബർ 21-ന് വെയിറ്റിങ് ലിസ്റ്റ് 200-ന് മുകളിലും 23-ന് 300-നടുത്തുമാണ്.

ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്‌പ്രസിൽ ചെയർകാറിൽ ഡിസംബർ 31 വരെ വെയിറ്റിങ് ലിസ്റ്റാണ്.

ഈ ദിവസങ്ങളിൽ എക്സിക്യുട്ടീവ് ക്ലാസിൽ റിസർവേഷൻ അവസാനിച്ചു. നവംബർ 11-നാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ ക്രിസ്മസ് കാലത്തുള്ള സർവീസുകളിലെ റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റായിരുന്നു.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

മലബാറിലേക്കുള്ള ഏക പ്രതിദിന തീവണ്ടിയായ യശ്വന്ത്പുർ-കണ്ണൂർ എക്സ്‌പ്രസിൽ(16527) ഡിസംബർ 19, 20, 23, 24, 25 തീയതികളിൽ സ്ലീപ്പർ ക്ലാസിൽ റിസർവേഷൻ തീർന്നു. മറ്റ് ദിവസങ്ങളിൽ റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റ് 150-ന് അടുത്താണ്.

ഇത്തവണ ക്രിസ്മസ്, പുതുവത്സരകാലത്ത് വൻ തിരക്കായിരിക്കുമെന്ന് 60 ദിവസം മുൻകൂട്ടി റിസർവേഷൻ ആരംഭിച്ചപ്പോൾത്തന്നെ വ്യക്തമായിരുന്നു.

ഡിസംബർ 19 മുതൽ 24 വരെയുള്ള ദിവസങ്ങളിലേക്ക് റിസർവേഷൻ ആരംഭിച്ച ദിവസം അരമണിക്കൂറിനുള്ളിൽ ഒട്ടുമിക്ക തീവണ്ടികളിലും ബെർത്തുറപ്പുള്ള ടിക്കറ്റ് തീർന്നിരുന്നു.

ഇപ്പോൾ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുപോലും കിട്ടാത്ത സ്ഥിതിയാണ്. അതിനാൽ എത്രയുംവേഗം പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts