കമിതാക്കൾക്ക് നേരെ സദാചാരഗുണ്ടായിസം; കേസെടുത്ത് പോലീസ് 

ബെംഗളൂരു: നഗരത്തിൽ കമിതാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം.

ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പാർക്കിന് മുന്നിലാണ് കമിതാക്കള്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് വിധേയരായത്.

സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇത് യുപിയോ ബിഹാറോ മധ്യപ്രദേശോ അല്ലെന്നും സദാചാര ഗുണ്ടായിസം സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും കർണാടക മന്ത്രി പ്രിയാങ്ക് ഖാർഗെ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പാർക്കിന് പുറത്ത് ഇരുചക്രവാഹത്തില്‍ ഇരിക്കുകയായിരുന്നു കമിതാക്കള്‍. യുവതി ബുർഖയും യുവാവ് ഓറഞ്ച് നിറത്തിലുള്ള ടീഷർട്ടുമാണ് ധരിച്ചിരുന്നത്.

ഇരുവരും മുഖത്തോട് മുഖംനോക്കിയിരുന്നാണ് സംസാരിച്ചിരുന്നത്. ഇവരുടെ ദൃശ്യം ചിത്രീകരിച്ചുകൊണ്ടാണ് സദാചാര വാദികള്‍ സംഭവസ്ഥലത്തേക്ക് എത്തിയത്.

ഇവർ ഫോണില്‍ ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ‘നിങ്ങള്‍ക്ക് നാണമില്ലേ. ഇവള്‍ അന്യമതസ്ഥയാണെന്ന് നിനക്ക് അറിയില്ലേ. പിന്നെ എന്ത് ധൈര്യത്തിലാണ് ഇവളുമായി പൊതുസ്ഥലത്ത് സംസാരിച്ചിരിക്കുന്നത്’, എന്ന് അക്രമികള്‍ യുവാവിനോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

പിന്നീട് യുവതിക്ക് നേരെയായി ആക്രോശം, ‘നീ എവിടെയാണ് ആരോടൊപ്പമാണ് എന്നൊക്കെ നിന്റെ വീട്ടുകാർക്ക് അറിയുമോ’, എന്നായിരുന്നു യുവതിയോടുള്ള ചോദ്യം.

യുവതി സദാചാരവാദികളോട് കയർക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം, അക്രമികളില്‍ ചിലർ യുവാവിനെ കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച്‌ തല്ലുന്നതും കാണാം. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് വീഡിയോയിലുള്ള അഞ്ച് യുവാക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. മാഹിം, അഫ്രിദി, വസീം, അൻജും എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

‘കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ ചോദ്യംചെയ്ത് വരികയാണ്. അവരില്‍ ഒരാള്‍ പ്രായപൂർത്തി ആകാത്തയാളാണ്. എന്തിനാണ് ഇവിടെ ഇരിക്കുന്നത് എന്നാണ് അവർ യുവതിയോടും യുവാവിനോടും ആവർത്തിച്ച്‌ ചോദിക്കുന്നത്. വേറെ എന്തെങ്കിലും വിഷയമാണോ സംഭവത്തിലേക്ക് നയിച്ചത് എന്നും അന്വേഷിച്ച്‌ വരുന്നുണ്ട്,’ ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ രൂക്ഷമായ പ്രതികരണമാണ് കർണാടക മന്ത്രി പ്രിയാങ്ക് ഖാർഗെ നടത്തിയത്. ‘സദാചാര ഗുണ്ടായിസം പോലുള്ള പ്രവർത്തികള്‍ ഈ സർക്കാർ വെച്ചുപൊറുപ്പിക്കില്ല. ഇത് ബിഹാറോ ഉത്തർപ്രദേശോ മധ്യപ്രദേശോ അല്ല, പുരോഗമനപരമായി ചിന്തിക്കുകയും മുന്നോട്ടുപോകുകയും ചെയ്യുന്ന ഒരു സംസ്ഥാനമാണ് കർണാടക. ഇവിടെ ഇത്തരം പ്രവർത്തികള്‍ അനുവദിക്കാൻ കഴിയില്ല,’ മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us