തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സേവനം അടിമുടി മാറുന്നു. ഒരു പ്രൊഫഷണൽ ഏജൻസിയെ നിയമിച്ചു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രൊഫഷണൽ ഏജൻസികൾക്കായി കോർപറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി കൊറിയർ സർവീസ് നേരത്തെ വലിയ കൈയടി നേടിയ പദ്ധതിയായിരുന്നു.
എന്നാൽ പിന്നീട് സാധനങ്ങൾ സുരക്ഷിതമായി ലഭിക്കുന്നില്ല എന്നതടക്കമുള്ള പരാതികൾ ഉയർന്നു. കൗണ്ടറുകളുടെ സ്ഥല പരിമിതികളും ജീവനക്കാരുടെ അഭാവവും മികച്ച സേവനം നൽകുന്നതിനു തടസമായി. ഇതോടെ കെഎസ്ആർടിസി വഴി സാധനങ്ങൾ അയക്കാനുള്ള ആളുകളുടെ താത്പര്യവും കുറഞ്ഞു.
16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ സംസ്ഥാനത്ത് എവിടെയും എത്തിക്കുമെന്നാണ് കെഎസ്ആർടിസി നൽകുന്ന ഉറപ്പ്. പാഴ്സലുകൾ ബസുകളിൽ കയറ്റുന്നുണ്ടെന്നു കരാറുകാരൻ ഉറപ്പാക്കണം. പാഴ്സൽ തെറ്റായി എത്തിച്ചാൽ 50 രൂപ പിഴ ഈടാക്കും. പാഴ്സലുകൾക്കു കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ 500 രൂപ പിഴ ഈടാക്കും.
നിലവിലെ അസൗകര്യങ്ങൾ പരിഹരിച്ച് ഇപ്പോഴുള്ള സേവനം കൂടുതൽ മികവോടെ ചെയ്യാനാണ് കോർപറേഷൻ പദ്ധതിയിടുന്നത്. ഒരു പ്രൊഫഷണൽ സ്ഥാപനത്തെ ഏൽപ്പിച്ചാണ് മാറ്റം കൊണ്ടു വരുന്നതെന്നും വിതരണത്തിലെ നിലവിലെ പോരായ്മകൾ അതോടെ ഇല്ലാതാകുമെന്നും ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ വാർഷിക വരുമാനത്തിൽ 40 ശതമാനത്തിന്റെ വർധനവുണ്ട്. അതിനാൽ തന്നെ ഇത്തരം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നോക്കുന്നത്. മനുഷ്യ ശക്തിക്കൊപ്പം സാങ്കേതികതയും ചേരുമ്പോൾ കൂടുതൽ മികവ് വരും. ഞായാറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമടക്കം വർഷം മുഴുവൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നതടക്കമുള്ള മാറ്റം പ്രൊഫഷണൽ സംഘം വരുന്നതോടെ ഉറപ്പാക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.