ചെന്നൈ : അനധികൃത സ്വത്തു സമ്പാദനക്കേസിൽ, അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കൾ തമിഴ്‌നാടിന് കൈമാറി.
സ്വത്തുക്കളുടെ രേഖകളും സ്വർണാഭരണം ഉൾപ്പെടെ വസ്തുക്കളുമാണ് വെള്ളിയാഴ്ച ബെംഗളൂരുവിൽ അഴിമതി വിരുദ്ധവകുപ്പിന് കൈമാറിയത്. നടപടികൾ ശനിയാഴ്ചയേ പൂർത്തിയാവൂ.
ബെംഗളൂരുവിലെ സി.ബി.ഐ. പ്രത്യേക കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് 27 കിലോ സ്വർണാഭരണം, വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് തുടങ്ങിയവ കൈമാറ്റം ചെയ്യുന്നത്.
1996-ൽ ജയലളിതയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിലെ ‘വേദനിലയത്തിൽ’ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.
അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേകകോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്ത സ്വത്ത് കർണാടക സർക്കാരിന്റെ കസ്റ്റഡിയിലായത്.
വിധാൻ സൗധയിലെ സർക്കാർ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു അവ.
ആഭരണങ്ങൾ കൊണ്ടുപോകുമ്പോൾ മൂല്യനിർണയക്കാർ ഉണ്ടായിരിക്കണമെന്നും മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ റെക്കോർഡ്
ചെയ്യണമെന്നും ഉൾപ്പെടെയുള്ള നിബന്ധനകൾ കോടതി നിർദേശിച്ചിരുന്നു.
സ്വത്തിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപ, ജെ. ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.