ബെംഗളൂരു: മലയാളം നെഞ്ചേറ്റിയ ‘പൂതപ്പാട്ട്’ കന്നഡ മൊഴിയില്‍ വരുന്നു.
ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പ്രശസ്തകാവ്യം ‘ഭൂതദ ഹാഡു’ എന്നപേരില്‍ കന്നഡ കാവ്യാസ്വാദകരിലേക്കെത്തുന്നു.
മാതൃവാത്സ്യത്തിന്റെ വേദനയില്‍ക്കുതിര്‍ന്ന പൂതപ്പാട്ടിന്റെ ഭാവതീവ്രത ഇനി കന്നഡികരെയും കീഴ്പ്പെടുത്തും.
എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. സുഷമാ ശങ്കര്‍ ആണ് മൊഴിമാറ്റം നടത്തിയത്. ഇടശ്ശേരിയുടെ കൃതികള്‍ ആദ്യമായാണ് കന്നഡയിലേക്കെത്തുന്നത്.
പൂതപ്പാട്ടിന്റെ നാടന്‍ താളം കൈവിടാതെയാണ് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നതെന്ന് സുഷമാ ശങ്കര്‍ പറഞ്ഞു.
‘കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍’ എന്നവരികള്‍ ‘കേളലില്ലവേ ദുടി നുടിതദ ജൊതെ കാലലി താമ്രഗെഗ്ഗരയ സദ്ദു’ എന്നാണ് പരിഭാഷ.
‘അയ്യയ്യാ വരവമ്പിളിപ്പൂങ്കുല മെയ്യിലണിഞ്ഞ കരിമ്പൂതം’ എന്നവരികള്‍ ‘അയ്യയ്യ, ബറുവളു ചന്ദിര ഹൂകലെ മെയ്യല്ലി തൊട്ട കരിഭൂത’ എന്ന് മൊഴിമാറ്റിയിരിക്കുന്നു.
മലയാളികള്‍ പാടിനടക്കുന്ന താളത്തില്‍ത്തന്നെ കന്നഡികര്‍ക്കും പൂതപ്പാട്ട് പാടിനടക്കാം.
അഞ്ചു വര്‍ഷം മുന്‍പ് കോലാര്‍ ജില്ലയിലെ വിമല ഹൃദയ കോമ്പോസിറ്റ് ഹൈസ്‌കൂളിലെ കുട്ടികള്‍ക്കുവേണ്ടി മലയാളിയായ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിന്‍സി മേരിയുടെ അഭ്യര്‍ഥനയനുസരിച്ചാണ് പൂതപ്പാട്ട് വിവര്‍ത്തനംചെയ്തതെന്ന് സുഷമാ ശങ്കര്‍ പറഞ്ഞു.
കന്നഡ വിദ്യാര്‍ഥികള്‍ക്ക് നൃത്തനാടകമായി അവതരിപ്പിക്കാനായിരുന്നു ഇത്. ഇപ്പോഴാണ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്.
പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ ഏഴിന് ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ നടക്കും. അബുദാബി കന്നഡ സംഘത്തിന്റെ അധ്യക്ഷന്‍ സര്‍വോത്തമന്‍ ഷെട്ടിയാണ് പുസ്തകം പ്രകാശനംചെയ്യുന്നത്.
ദുബായ് കര്‍ണാടക അസോസിയേഷന്റെ ജനറല്‍സെക്രട്ടറി ശശിധരന്‍ ഏറ്റുവാങ്ങും. ബെംഗളൂരുവിലെ ദ്രവീഡിയന്‍ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.
ഒ.എന്‍.വി. കുറുപ്പിന്റെ ‘ഭൂമിക്ക് ഒരു ചരമഗീത’വും ‘അക്ഷര’വും മഹാകവി അക്കിത്തത്തിന്റെ ‘ഇടിഞ്ഞുപൊളിഞ്ഞ ലോക’വും ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’വും സുഷമാ ശങ്കര്‍ കന്നഡയിലേക്ക് നേരത്തേ മൊഴിമാറ്റിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കണ്ണനല്ലൂര്‍ സ്വദേശിയായ ഡോ. സുഷമാ ശങ്കര്‍ ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡില്‍ ശ്രീ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റ് എന്നപേരില്‍ വിദ്യാഭ്യാസസ്ഥാപനം നടത്തുകയാണ്. ദ്രാവിഡഭാഷാ വിവര്‍ത്തകസംഘത്തിന്റെ അധ്യക്ഷയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.