ബെംഗളൂരു : മലയാളികളുൾപ്പെടെ ഒട്ടേറെ ആളുകൾക്ക് പ്രയോജനപ്പെടുന്നതാകും റാഗിഗുഡ്ഡ മെട്രോ സ്റ്റേഷൻ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെയുള്ള ഇരുനില മേൽപ്പാലം.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മേൽപ്പാലത്തിലൂടെ കാർ ഓടിച്ചുനോക്കിയശേഷമാണ് ഗതാഗതം അനുവദിച്ചത്.
മേൽപ്പാലത്തിന്റെ താഴത്തെ നിലയിൽ റോഡ് ഗതാഗതവും മുകളിലത്തെ നിലയിൽ മെട്രോ പാതയുമാണ് (ആർ.വി. റോഡ്- ബൊമ്മസാന്ദ്ര പാത).
റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിൽനിന്നാണ് മേൽപ്പാലം ആരംഭിക്കുന്നത്. തുടർന്ന് സെൻട്രൽ സിൽക്ക് ബോർഡ് വരെ ട്രാഫിക് സിഗ്നൽ ഇല്ലാതെ യാത്ര ചെയ്യാനാകും.
ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.
റാഗിഗുഡ്ഡയിൽനിന്ന് എച്ച്.എസ്.ആർ. ലേഔട്ട്, ഹൊസൂർ റോഡ് എന്നിവിടങ്ങളിലേക്ക് സിഗ്നൽ ഫ്രീയായി സഞ്ചരിക്കാനുമാകും.
ഗതാഗതക്കുരുക്കിന് പേരുകേട്ട ഔട്ടർ റിങ് റോഡിലും ഗതാഗതം സുഗമമാകാൻ മേൽപ്പാലം ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
ദിവസേന ഈ ഭാഗത്ത് യാത്രചെയ്യുന്നവർക്കും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഏറെ പ്രയോജനമാകും ഡബിൾ ഡെക്കർ മേൽപ്പാലം.
നിലവിൽ റാഗിഗുഡ്ഡയിൽനിന്ന് സിൽക്ക് ബോർഡിലേക്കുള്ള പാത മാത്രമാണ് തുറന്നു കൊടുത്തത്. മറുവശത്തുള്ള പാതയുടെ നിർമാണ പ്രവർത്തനങ്ങൾ കുറച്ചുകൂടി പൂർത്തിയാകാനുണ്ട്.
അഞ്ച് റാമ്പുകൾ
മേൽപ്പാലത്തിൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്‌ഷനിൽ അഞ്ച് റാമ്പുകളുണ്ടാകും. റാഗിഗുഡ്ഡ, ബി.ടി.എം. ലേഔട്ട് ഭാഗത്തുനിന്ന് കെ.ആർ. പുരം, ഹൊസൂർ റോഡ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റാമ്പുകളും കെ.ആർ. പുരം ഭാഗത്തെ ബി.ടി.എം. ലേഔട്ട്, റാഗിഗുഡ്ഡ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റാമ്പുകളുമാണ് ഉണ്ടാവുക.
ഇതിൽ മൂന്നു റാമ്പുകളുടെ നിർമാണം പൂർത്തിയായി. ബാക്കി 2025 ജൂണിൽ പൂർത്തിയാക്കും. റാമ്പ് എ (1.10 കിലോമീറ്റർ), റാമ്പ് ബി (280 മീറ്റർ), റാമ്പ് സി (490 മീറ്റർ), റാമ്പ് ഡി (1.14 കിലോമീറ്റർ), റാമ്പ് ഇ (230) മീറ്റർ എന്നിങ്ങനെയാണ് ദൈർഘ്യം.
ഉയരെ പാലം
നിലവിലുള്ള റോഡിനേക്കാൾ എട്ട് മീറ്റർ ഉയരത്തിലാണ് മേൽപ്പാലത്തിന്റെ ആദ്യത്തെ നില. മെട്രോ പാതയുള്ള രണ്ടാമത്തെ നില ഉപരിതലത്തിൽനിന്ന് 16 മീറ്റർ ഉയരത്തിലാണ്.
449 കോടി രൂപയാണ് നിർമാണച്ചെലവ്. മെട്രോ പാതയിൽ ഈ വർഷം അവസാനത്തോടെ സർവീസ് ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ലക്ഷ്യമിടുന്നത്.
ആർ.വി. റോഡ് -ബൊമ്മസാന്ദ്ര മേട്രോ
നമ്മ മെട്രോ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ളതാണ് ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള പാത (റീച്ച് 5). 19.15 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 16 സ്റ്റേഷനുകളുണ്ടാകും.
5745 കോടി രൂപയാണ് പാതയുടെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പാതയുടെ പ്രധാന സിവിൽ ജോലികളെല്ലാം പൂർത്തിയായി പരീക്ഷണ ഓട്ടം നടത്തി വരികയാണ്. ഈ വർഷം അവസാനത്തോടെ പാതയിൽ സർവീസ് ആരംഭിക്കും.
15 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടാകും. മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ പാതയിൽ ഉണ്ടാകും.
ഗ്രീൻ ലൈനുമായി ബന്ധിപ്പിക്കാൻ രാഷ്ട്രീയ വിദ്യാലയ റോഡ്, ജയദേവ മെട്രോ സ്റ്റേഷൻ, സെൻട്രൽ സിൽക്ക് ബോർഡ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാകും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.