ബെംഗളൂരു : കർണാടകത്തിലെ മഹർഷി വാൽമീകി എസ്.ടി. കോർപ്പറേഷനിലെ ഫണ്ട് തിരിമറിക്കേസും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കുള്ള മൈസൂരു വികസന അതോറിറ്റി(‘മുഡ’)യുടെ വിവാദ ഭൂമിയിടപാടും നിയമസഭയിലുന്നയിച്ചതോടെ സഭയുടെ വർഷകാലസമ്മേളനം ബഹളത്തിൽമുങ്ങി.
രണ്ടുവിഷയത്തിലും ചർച്ചവേണമെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക, ഉപനേതാവ് അരവിന്ദ് ബല്ലാഡ് ,വി. സുനിൽകുമാർ, എന്നിവർ ആവശ്യപ്പെട്ടു.
രണ്ടുവിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്നും ചോദ്യോത്തരവേള കഴിയുന്നതുവരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങൾതമ്മിൽ ചൂടേറിയ വാക്‌പോരുനടന്നു.
ആരോപണങ്ങൾ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും നിഷേധിച്ചു. വാൽമീകി കോർപ്പറേഷൻ കേസിൽ ഇ.ഡി. അറസ്റ്റുചെയ്ത മുൻമന്ത്രി ബി. നാഗേഷ് കുറ്റംചെയ്തെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.
കോർപ്പറേഷനിലെ ഫണ്ട് തിരിമറി നൂറുകോടി രൂപയ്ക്ക് മുകളിലാണെന്നും ഇതിന്റെ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്നും പ്രതിപക്ഷനേതാവ് ആർ. അശോക പറഞ്ഞു.
ഫണ്ട് തിരമിറി ആരോപണമുയർന്നതോടെ ജീവനൊടുക്കിയ കോർപ്പറേഷന്റെ അക്കൗണ്ട്‌സ് സൂപ്രണ്ട് പി. ചന്ദ്രശേഖറിന്റെ കുടുംബത്തിന് നീതിലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ചർച്ചയും ബഹളവും പുരോഗമിക്കുന്നതിനിടെ സഭ പിരിയുന്നതായി സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു.
രാവിലെ സഭചേരുന്നതിനു മുൻപുതന്നെ ബി.ജെ.പി. പ്രക്ഷോഭംതുടങ്ങിയിരുന്നു. വിധാൻസൗധയ്ക്കുസമീപമുള്ള വാൽമീകി പ്രതിമയുടെ മുമ്പിലേക്ക് മാർച്ച് നടത്തി.
മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പ്രതിപക്ഷനേതാവ് ആർ. അശോക്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, സി.ടി. രവി തുടങ്ങിയവർ നേതൃത്വംനൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.