ബെംഗളൂരു : കർണാടകത്തിൽ വ്യവസായമേഖലയിൽ തദ്ദേശീയർക്ക് 75 ശതമാനംവരെ നിയമനങ്ങൾ സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരംനൽകി.
കർണാടകത്തിൽ ജനിച്ചുവളർന്നവർക്കൊപ്പം 15 വർഷമായി കർണാടകത്തിൽ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവർക്ക് സംവരണംനൽകാൻ ബിൽ വ്യവസ്ഥചെയ്യുന്നു.
15 വർഷത്തിലധികമായി കർണാടകത്തിൽ സ്ഥിരതാമസമാക്കിയ, കന്നഡയറിയുന്ന മലയാളികളുൾപ്പെടെയുള്ള ഇതരസംസ്ഥാനക്കാർക്ക് ബില്ലിന്റെ ഗുണംലഭിക്കും.
ഇവർ നിയമനത്തിനുമുൻപ് നിർദിഷ്ടപരീക്ഷ പാസാകണമെന്നും ബിൽ വ്യവസ്ഥചെയ്യുന്നു.
വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്‌മെന്റ് തസ്തികകളിൽ 50 ശതമാനവും മാനേജ്‌മെന്റ് ഇതരതസ്തികകളിൽ 75 ശതമാനവും തദ്ദേശീയർക്ക് സംവരണംചെയ്യാനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്. ബിൽ, നടപ്പുനിയമസഭാസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
കർണാടക സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്‌സ് ഇൻ ദ ഇൻഡസ്ട്രീസ്, ഫാക്ടറീസ്, ആൻഡ് അദർ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ-2024 എന്നപേരിൽ രൂപംനൽകിയ ബില്ലിനാണ് അംഗീകാരംനൽകിയത്.
ജോലിക്കുള്ള അപേക്ഷകർ കന്നഡഭാഷ ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ സർക്കാർ വിജ്ഞാപനംചെയ്യുന്ന നോഡൽ ഏജൻസി നടത്തുന്ന കന്നഡ നൈപുണി ടെസ്റ്റ് പാസാകണം.
അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കിൽ നിയമത്തിൽ ഇളവുവരുത്താൻ സ്ഥാപനം സർക്കാരിന് അപേക്ഷനൽകണം.
അന്വേഷണം നടത്തിയശേഷം സർക്കാർ ആവശ്യമായ ഉത്തരവുനൽകും. അതേസമയം, തദ്ദേശീയരായ അപേക്ഷകർ മാനേജ്‌മെന്റ് തസ്തികകളിൽ 25-ലും മാനേജ്‌മെന്റ് ഇതരതസ്തികകളിൽ 50 ശതമാനത്തിലും കുറയാൻപാടില്ലെന്നും ബിൽ വ്യവസ്ഥചെയ്യുന്നു.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 രൂപമുതൽ 25,000 രൂപവരെ പിഴയിടുമെന്നും ബിൽ വ്യവസ്ഥചെയ്യുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.