നഗരത്തിൽ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം നിശ്ചയിക്കാനുള്ള യോഗം ഉടൻ; മന്ത്രി എം.ബി. പാട്ടീൽ

ബെംഗളൂരു : ബെംഗളൂരുവിൽ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള സ്ഥലംനിശ്ചയിക്കുന്നതിനായുള്ള യോഗം ഉടൻചേരുമെന്ന് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു.

സ്ഥലം സംബന്ധിച്ച അന്തിമതീരുമാനം എടുക്കുന്നതിനുമുൻപ്‌ സർക്കാർ പ്രധാനമായും രണ്ടുകാര്യങ്ങൾ പരിഗണിക്കും.

യാത്രക്കാരുടെ തിരക്കും നിലവിലുള്ള കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്താനുള്ള സൗകര്യവുമാണ് പരിഗണിക്കുക.

യാത്രക്കാരുടെ തിരക്കിനാണ് പ്രാധാന്യംകൊടുക്കുന്നതെങ്കിൽ സർജാപുര, കനകപുര റോഡ് എന്നിവിടങ്ങളിൽ വിമാനത്താവളം നിർമിക്കുന്നതിനാകും പരിഗണന.

അതേസമയം, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്താനുള്ള സൗകര്യമാണ് നോക്കുന്നതെങ്കിൽ തുമകൂരു,

ദബസ്‌പേട്ട് തുടങ്ങിയ സ്ഥലങ്ങൾക്കാകും പരിഗണനയെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അടുത്തയോഗത്തിൽ ചർച്ചചെയ്യും. വിഷയം മന്ത്രിസഭായോഗത്തിലും ചർച്ചചെയ്യും.

ഭൂമി ഏറ്റെടുക്കുന്നതിനും ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തിനുമാവശ്യമായ സമയം പരിഗണിച്ച് സർക്കാർ ആസൂത്രണനടപടികൾ ആരംഭിച്ചതായി മന്ത്രിപറഞ്ഞു.

ബെംഗളൂരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിക്കുള്ളിൽ 25 വർഷത്തേക്ക് മറ്റൊരു വിമാനത്താവളം പാടില്ലെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബി.ഐ.എ.എൽ.) കേന്ദ്രസർക്കാരും ബെംഗളൂരു വിമാനത്താവളം ആരംഭിച്ചപ്പോൾ ധാരണയുണ്ടായിരുന്നു.

2008 മേയിലാണ് ബെംഗളൂരു വിമാനത്താവളം ആരംഭിച്ചത്. ധാരണപ്രകാരം 2033-ലാണ് 150 കിലോമീറ്ററിനകത്ത് ഇനി വിമാനത്താവളം നിർമിക്കാനാവുക.

അതേസമയം, ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ പ്രധാനനഗരങ്ങൾക്കുസമീപത്തായി ഒന്നിലധികം വിമാനത്താവളങ്ങളുണ്ടെന്ന് എടുത്തുപറഞ്ഞ മന്ത്രി മുംബൈയിൽ രണ്ടുവിമാനത്താവളങ്ങൾ തമ്മിലുള്ളദൂരം 36 കിലോമീറ്ററാണെന്ന് ചൂണ്ടിക്കാട്ടി.

ഡൽഹിക്കും മുംബൈക്കും പിന്നിൽ രാജ്യത്തെ ഏറ്റവുംതിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞവർഷം മൂന്നുകോടി എഴുപതുലക്ഷം യാത്രക്കാരെത്തിയതായും നാലുലക്ഷത്തിലധികം ചരക്ക് കൈകാര്യംചെയ്തതായും മന്ത്രിയുടെ ഓഫീസ് അടുത്തിടെ അറിയിച്ചിരുന്നു.

ബെംഗളൂരുവിൽ രണ്ടാമതൊരു വിമാനത്താവളത്തിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനുസമീപം അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാൻ തമിഴ്‌നാട് സർക്കാരും തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us