സംസ്ഥാനത്ത് വാർധക്യ പെൻഷൻ വൈകിപ്പിക്കരുത്; എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു : സംസ്ഥാനത്ത് അർഹരായവർക്ക് വാർധക്യ പെൻഷൻ വൈകിപ്പിക്കരുതെന്നും ദാവണഗെരെയിൽ പെൻഷൻ കിട്ടാൻവേണ്ടി പ്രായമായ സ്ത്രീ അഞ്ചു കിലോമീറ്റർ ഇഴഞ്ഞുവന്നത് സമൂഹ മനഃസാക്ഷിയെ പിടിച്ചു കുലുക്കുന്നതാണെന്നും ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി.

ഇത്തരം ആളുകളെ സർക്കാർ അവഗണിക്കരുത്. ഗാരന്റി പദ്ധതികളിലൂടെ സംസ്ഥാനത്തെ ആളുകളുടെ ജീവിതനിലവാരം ഉയർത്തിയെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോൾ ദാവണഗെരെയിൽ കണ്ടത് സംസ്ഥാനത്തെ ജനങ്ങളുടെ ഉപജീവനമാർഗം പാളം തെറ്റുന്നു എന്നതിന്റെ ഉദാഹരണമാണ്.

ഈ സംഭവം നമ്മളെ നാണക്കേട് കൊണ്ട് തലകുനിപ്പിക്കുകയാണെന്നും സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.

കഴിഞ്ഞ ദിവസം ദാവണഗെരെ ജില്ലയിലെ ഹരിഹർ താലൂക്കിലെ കുനിബെലകെരെയിൽ 77-കാരി വാർധക്യ പെൻഷൻ ലഭിക്കുന്നതിനായി അഞ്ചുകിലോമീറ്റർ ദൂരം മുട്ടിലിഴഞ്ഞു വന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ പ്രതികരണം.

ദുരിതത്തിലുള്ളവരെ സഹായിക്കുകയെന്നത് ഭരണത്തിലുള്ളവരുടെ ചുമതലയാണ്. ഇത്തരം ആളുകളോട് സർക്കാരിന് അനുകമ്പയില്ലേ.

ദാവണഗെരെയിലെ വയോധികയുടെ രക്ഷയ്ക്കായി സർക്കാർ അടിയന്തരമായി ഇടപെടണം.

ഗാരന്റി പദ്ധതികൾ നടപ്പാക്കുമ്പോൾ തന്നെ പ്രായമായവർക്ക് പെൻഷൻ ലഭ്യമാക്കേണ്ടകതും സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

ദാവണഗെരെയിൽ സംഭവിച്ച കാര്യം സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിൽ ഉണ്ടാകാനിടവരരുത്.

താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും ദേവദാസികൾക്കുമെല്ലാം പല സാമ്പത്തിക പദ്ധതികളും നടപ്പാക്കിയിരുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us