ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 

ബെംഗളൂരു : ഉടുപ്പിയിലെ പാരാമെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ സഹപാഠികള്‍ പകര്‍ത്തിയ കേസില്‍ വിവാദ പരാമര്‍ശവുമായി ആഭ്യന്തരമന്ത്രി ജി പരമേശ്വര.

ഇത്തരം ചെറിയൊരു വിഷയത്തെ ബിജെപി രാഷ്‌ട്രീയപരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന.

സംഭവത്തില്‍ പെണ്‍കുട്ടിയും ആരോപണം നേരിടുന്ന മൂന്ന് വിദ്യാര്‍ഥിനികളും വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ പെട്ടവരാണെന്നും മൂവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വിവാദ പ്രസ്‌താവന.

ഇതൊരു ചെറിയ സംഭവമാണ്. സുഹൃത്തുക്കള്‍ക്കിടയിലാണ് ഇത് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ഊതിവീര്‍പ്പിച്ച്‌ രാഷ്ട്രീയ നിറം നല്‍കണോ എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ചോദ്യം.

രാഷ്ട്രീയ കാരണങ്ങളാല്‍ ഈ ചെറിയ പ്രശ്‌നങ്ങള്‍ക്കായി പൊട്ടിത്തെറിക്കുന്നത് അവസാനിപ്പിക്കണം.

ഇതൊക്കെ പണ്ട് നടന്നതല്ലേ? ഇതൊക്കെ പണ്ട് കോളജുകളിലും സര്‍വകലാശാലകളിലും നടന്നിരുന്നതല്ലേ? അന്ന് ആരും ഇതിനെ രാഷ്ട്രീയപരമായി ഉപയോഗിച്ചില്ല.

പിന്നെ എന്തിനാണ് ഇപ്പോള്‍ ചെയ്യുന്നത്? വരള്‍ച്ചയെ കുറിച്ചോ വെള്ളപ്പൊക്കത്തെ കുറിച്ചോ ബിജെപി സംസാരിച്ചില്ല. നിസാര രാഷ്ട്രീയമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. അവര്‍ക്ക് വേറെ പണിയൊന്നുമില്ലെന്ന് തോന്നുന്നു.

സമൂഹത്തില്‍ സമാധാനം നിലര്‍നിര്‍ത്തണമെന്നും ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി പരമേശ്വര പറഞ്ഞു.

വിഷയത്തെ ലഘൂകരിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിമര്‍ശനവുമായി രംഗത്തെത്തി.

ഇതൊരു ചെറിയ വിഷയമാണെങ്കില്‍ പിന്നെ എന്തിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്, എന്തുകൊണ്ടാണ് കുറ്റാരോപിതരായ പെണ്‍കുട്ടികളെ സസ്പെൻഡ് ചെയ്‌തത്? ഈ ചോദ്യങ്ങള്‍ക്ക് മന്ത്രി പരമേശ്വര ഉത്തരം നല്‍കണമെന്ന് ബൊമ്മൈ പറഞ്ഞു.

കേസ് ഒതുക്കി തീര്‍ക്കാനാണ് കോളജ് അധികൃതര്‍ ശ്രമിക്കുന്നത്. എത്ര കേസുകള്‍ സര്‍ക്കാര്‍ ഇങ്ങനെ മൂടിവയ്ക്കും‌? ഇത്തരം വീഡിയോകളിലൂടെ എത്ര പെണ്‍കുട്ടികളുടെ മാന്യത അപകടത്തിലാകുമായിരുന്നു? ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം.

യാതൊരുവിധ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ സ്വതന്ത്രമായി പൊലീസ് പ്രവര്‍ത്തിക്കണം. കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണമെന്നും ബൊമ്മൈ പറഞ്ഞു.

പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ വീഡിയോ എടുക്കുന്നത് ഹീനവും അപലപനീയവുമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ ഫോണ്‍ പിടിച്ചെടുത്ത് ഡിലീറ്റ് ചെയ്‌തു എന്ന് പറയുന്ന വീഡിയോകള്‍ വീണ്ടെടുക്കണം.

കോളജില്‍ ഒന്നും സംഭവിക്കാത്ത പോലെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം നടപടികള്‍ പോലീസിനോടുള്ള വിശ്വാസം നഷ്‌ടപ്പെടാൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us