ബെംഗളൂരു : കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ മണ്ണുത്തിയില്‍ തടഞ്ഞ് പാതിരാത്രിയില്‍ വ്യാപക പരിശോധന.
ആരോഗ്യവകുപ്പും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് ഇന്നലെ രാത്രി മുതല്‍ ഇന്നു രാവിലെ വരെ മണ്ണുത്തിയില്‍ ഉറക്കമൊഴിച്ചിരുന്ന് ബംഗളുരുവില്‍ നിന്നും റോഡ് മാര്‍ഗം വരുന്നവരെ പരിശോധിച്ചത്.
ആകെ 30 ബസുകളാണ് അധികൃതര്‍ പരിശോധിച്ചത്. ഇതിലെ 768 യാത്രക്കാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ ദോഹയില്‍ നിന്നും ബംഗളുരുവിലെത്തി അവിടെ നിന്നും ബസില്‍ വന്നിരുന്ന ഒരു യാത്രക്കാരന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയായിരുന്നു പരിശോധന. കോവിഡ് ബോധവത്കരണ ലഘുലേഖകളും യാത്രികര്‍ക്ക് നല്കി.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നെടുന്പാശേരിയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബംഗളൂരുവില്‍ വിമാനമിറങ്ങി കേരളത്തിലേക്ക് വരുന്നുണ്ട്.
കുവൈറ്റടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നിന്നുള്ളവര്‍ ബംഗളൂരുവില്‍ നിന്നു റോഡ് – ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് വരുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി ദേശീയപാത മണ്ണുത്തിയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന ആരംഭിച്ചത്.
കര്‍ണാടകയില്‍ നിന്നുള്ള സ്വകാര്യ കെഎസ്ആര്‍ടിസി ബസുകളിലായിരുന്നു പരിശോധന.
ഓരോ ബസിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് കയറി വിദേശത്തുനിന്ന് വരുന്ന യാത്രക്കാരുണ്ടോ എന്ന് ആരായുകയും ഉണ്ടെങ്കില്‍ അവരുടെ ശരീര ഊഷ്മാവ് പരിശോധിച്ച് അസ്വഭാവികതയുള്ളവരെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ആരോഗ്യവകുപ്പ് ടീം ലീഡര്‍ റെജി വി മാത്യു, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിലെ എം.വി.ഐ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആരോഗ്യവകുപ്പിലെ ഷാബിര്‍, രാമകൃഷ്ണന്, അന്‍വന്‍ എന്നിവര്‍ പരിശോധനകള്‍ നടത്തിയത്.
ആക്ട്സിന്റെ ആംബുലന്‍സ് സര്‍വീസുകളും ദേശീയപാതയില്‍ സജ്ജമാക്കിയിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും ബംഗളൂരുവില്‍ നിന്നുള്ള യാത്രക്കാരെ കണ്ടെത്തി പരിശോധിക്കാന്‍ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.