ബെംഗളൂരു: അധികാരത്തിൽ വന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് ജെ.ഡി.എസ്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ പ്രകടനപത്രികയിലാണ് പ്രഖ്യാപനം നടത്തിയത്.
മുസ്‌ലിം ന്യൂനപക്ഷം രാജ്യത്തെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിൽ നേരിടുന്ന അസമത്വം തുറന്നുകാട്ടുന്നതാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട്. കർണാടകയിൽ മുമ്പ് ജെ.ഡി-എസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകലുന്നുവെന്ന നിരീക്ഷണത്തിന്റെ പ്രകടനപത്രികയിൽ നിർണായക വാഗ്ദാനവുമായി ജെ.ഡി-എസ് രംഗത്തുവന്നത്.
ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാതെ ജെ.ഡി-എസിന് കർണാടകയിൽ തിരിച്ചുവരവ് സാധ്യമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ജെ.ഡി.എസിൽ തിരിച്ചെത്തിയ മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിമിനെ കർണാടക അധ്യക്ഷനായി നിയമിച്ചതും ഇതേ ലക്ഷ്യം മുന്നിൽ കണ്ടാണ്. അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസ് പാർട്ടിയുമായി സഖ്യത്തിനും ജെ.ഡി-എസ് ശ്രമിക്കുന്നുണ്ട്. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ, കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിം, നിയമസഭ കക്ഷിനേതാവ് എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ പങ്കെടുത്തു. 12 ഇന പ്രകടനപത്രികയാണ് തയ്യാറാക്കിയത്. ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ചു പാചകവാതക സിലിണ്ടർ സൗജന്യം, സ്വകാര്യ ജോലികളിൽ കന്നഡികർക്ക് സംവരണം, വയോധികർക്ക് 5000 രൂപ പെൻഷൻ, ഗർഭിണികൾക്ക് ആറു മാസത്തേക്ക് 6000 രൂപ, വിധവ പെൻഷൻ വർധന തുടങ്ങിയവയും വാഗ്ദാനമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.