ബെംഗളൂരു: ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സ്ത്രീകള്‍ക്കായി പ്രത്യേകം പാദരക്ഷകള്‍ വികസിപ്പിച്ച് കർണാടക കലബുർഗിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി. സ്ത്രീകളെ ആക്രമിക്കുന്നവരെ പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശമാണ് വിദ്യാര്‍ഥിനിയായ വിജയലക്ഷ്മിയെ പുതിയ കണ്ടുപിടുത്തത്തിലേയ്ക്ക് നയിച്ചത്. ‘ആന്റി റേപ്പ് സ്മാര്‍ട്ട് ഫൂട്ട്വെയര്’ എന്നാണ് ചെരുപ്പിന് പേര് നല്‍കിയിരിക്കുന്നത്.
അടുത്തിടെ ഗോവയില്‍ നടന്ന അന്താരാഷ്ട്ര നിര്‍മാണ നവീകരണ എക്സ്പോയില്‍ സില്‍വര്‍ മെഡല്‍ ഈ സ്മാര്‍ട്ട് ചെരുപ്പ് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല, 2023ല്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര മേളയിലും ചെരുപ്പുകള്‍ പ്രദര്ശിപ്പിക്കുവാന് അനുമതി ലഭിച്ചിട്ടുണ്ട്.
എസ്ആര്‍എന്‍ മെഹ്ത സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് വിജയലക്ഷ്മി ബിരധാര. രാജ്യത്ത് ദിനംപ്രതി സ്ത്രീകള്‍ക്കെതിരായി പീഡനവും ലൈംഗിക ചൂഷണവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി വിജയലക്ഷ്മി പ്രത്യേക പാദരക്ഷ വികസിപ്പിച്ചത്. ഇരു കാലിലുമായി ധരിക്കുന്നവയില്‍ രണ്ട് തരത്തിലുള്ള സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ബ്ലിങ്ക് ആപ്പ് ലിങ്ക് ഉപയോഗിച്ചാണ് പാദരക്ഷകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. ഒന്നില്‍ വൈദ്യുത ഷോക്കും രണ്ടാമത്തേതില്‍ ജിപിഎസ് വഴി സന്ദേശമയക്കുവാനുള്ള സംവിധാനവുമാണുള്ളത്. ആക്രമി സ്ത്രീയ്ക്ക് നേരെ വരുമ്പോള്‍ ചെരുപ്പിന്റെ ഹീല്‍സില്‍ ഘടിപ്പിച്ചിരിക്കുന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ 0.5 ആമ്പിയര്‍ അളവില്‍ അക്രമിക്ക് ഷോക്കേല്‍ക്കും.
അക്രമി ഷോക്കില്‍ നിന്ന് ഉണരുന്ന സമയത്തിനുള്ളില്‍ സ്ത്രീയ്ക്ക് സ്ഥലത്തുനിന്നും ഓടി രക്ഷപെടുവാന്‍ സാധിക്കുന്നു. ഒന്നിലധികം ആളുകളാണ് ആക്രമിക്കാന്‍ വരുന്നതെങ്കില്‍ മറ്റൊരു സംവിധാനവും സാധ്യമാണ്. ചെരുപ്പിന്റെ കാല്‍വിരല്‍ ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ബട്ടണ്‍ അമര്‍ത്തുന്നത് ബ്ലിങ്ക് ആപ്പ് സംവിധാനത്തിലൂടെ ജിപിഎസ് മാര്‍ഗം സ്ത്രീയുടെ ലൊക്കേഷന്‍ മാതാപിതാക്കള്‍ക്കും പോലീസ് സ്റ്റേഷനിലും എത്തിച്ചേരും.
ധരിക്കുന്ന വ്യക്തിയ്ക്ക് ഷോക്ക് ഏല്ക്കുകയുമില്ല. പ്രയാസമേറിയ സമയങ്ങളില്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത നമ്പരുകളിലേക്ക് സന്ദേശമയക്കുവാനുള്ള സംവിധാനവും പാദരക്ഷകള്‍ക്കുണ്ട്. സുരക്ഷയുടെ ഭാഗമായാണ് വിദ്യാര്‍ഥി ഈ ചെരുപ്പുകള്‍ നിര്‍മിച്ചത്. സങ്കീര്‍ണതയേറിയ വൈദ്യുത ഉപകരണങ്ങളോ സര്‍ക്യൂട്ടുളോ ഇതില്‍ ഘടിപ്പിച്ചിട്ടില്ല. ധരിക്കുന്നതിന് മുൻപ് ബാറ്ററി ചാർജ് ചെയ്യണം.
സയന്‍സ് അധ്യാപികയായ സുമയ്യ ഖാന്റെ സഹായത്തോടെ 13 മാസത്തെ നിരന്തരമായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് വിജയലക്ഷ്മി സ്മാര്‍ട്ട് ചെരുപ്പുകള്‍ കണ്ടുപിടിച്ചത്. ഒരു സെറ്റ് ചെരുപ്പുകളുടെ നിര്‍മാണത്തിനായി 3,000 രൂപയാണ് വിദ്യാര്‍ഥി ചെലവഴിച്ചത്. സര്‍ക്കാര്‍ ഈ സ്മാര്‍ട്ട് ചെരുപ്പിനെ ഏറ്റെടുക്കുകയും ശാസ്ത്രജ്ഞരും എഞ്ചിനിയര്‍മാരും ചേര്‍ന്ന് കൂടുതല്‍ ഗവേഷണം നടത്തി വിപണിയില്‍ എത്തിക്കുകയും ചെയ്താല്‍ തങ്ങളുടെ പ്രയത്നങ്ങള്‍ക്ക് ഫലമാകുമെന്ന് വിദ്യാര്‍ഥിയും അധ്യാപികയും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.