ബെംഗളൂരു: മംഗളൂരുവില്‍ എട്ടു വര്‍ഷം മുന്‍പ് മരിച്ച മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സിബിഐ അന്വേഷണം.
പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥി രോഹിത് രാധാകൃഷ്ണനെ 2014ലാണ് മംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല എന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി തുടരന്വേഷണം സിബിഐയെ ഏല്പിച്ചത് .
രോഹിത്തിന്റെ മരണത്തില്‍ ബെംഗളൂരു സിഐഡി നടത്തിയ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നു ജസ്റ്റിസ് എം.ആര് ഷാ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ഇതിന്റെ പേരില്‍ സിഐഡി വിഭാഗത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുക നാലാഴ്ചയ്ക്കകം രോഹിത്തിന്റെ അച്ഛന് അഡ്വ. എം.എസ്.രാധാകൃഷ്ണനു നല്‍കണം.
21കാരനായിരുന്ന രോഹിത് എജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. 2014 മാര്‍ച്ചിലാണു മംഗളൂരു പനമ്പൂര്‍ തണ്ണീര്‍ബാവി ബീച്ചിനു സമീപം തല വേര്‍പെട്ട നിലയില്‍ രോഹിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വാഹനാപകടമാണെന്നു പറഞ്ഞ പോലീസ്, അലക്ഷ്യമായി വാഹനം ഓടിച്ചതിനു രോഹിത്തിനെതിരെ കേസുമെടുത്തു. മരിച്ചയാള്‍ക്കെതിരെ കേസെടുക്കുന്നതു കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നു നിരീക്ഷിച്ചു സുപ്രീം കോടതി ഇതു റദ്ദാക്കി.
രോഹിത്തിന്റെ അച്ഛന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കര്‍ണാടക ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നു കേസ് സിഐഡിയെ ഏല്പിച്ചെങ്കിലും വാഹനാപകടമാണെന്നായിരുന്നു ഇവരുടേയും നിലപാട്. ഇതോടെയാണു രാധാകൃഷ്ണന് സുപ്രീം കോടതിയെ സമീപിച്ചത്. ഇതു വെറും വാഹനാപകടമായി കാണാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി, രണ്ടാഴ്ചയ്ക്കുള്ളില്‍ സിഐഡി അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്കു കൈമാറണമെന്ന് ഉത്തരവിട്ടു. രണ്ടു മാസത്തിലൊരിക്കല്‍ അന്വേഷണ പുരോഗതി കര്‍ണാടക ഹൈക്കോടതിയില്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.