ബെംഗളൂരു : തുമകുരുവിൽ ക്ഷേത്രം നിർമിക്കുന്നത് സംബന്ധിച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ടുപേർ വെട്ടേറ്റ് മരിച്ചു. ഒരാളുടെ നില ഗുരുതരം.
മിദിഗേശി സ്വദേശികളായ ശിൽപ, ബന്ധു രാമാഞ്ജിനപ്പ വെട്ടേറ്റു മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ബന്ധുവിനും വെട്ടേറ്റു.
ഗ്രാമത്തിൽ ഗണേശക്ഷേത്രം നിർമ്മിക്കുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗണേശക്ഷേത്രം സ്ഥാപിക്കാൻ രണ്ടുവർഷം മുമ്പ് ഗ്രാമവാസികൾ തീരുമാനിച്ചിരുന്നു.
എന്നാൽ, ശ്രീധർ ഗുപ്തയെന്നയാൾ സ്ഥലം തന്റേതാണെന്നും പഞ്ചായത്തിന്റേതല്ലെന്നും വാദിച്ച് രംഗത്തെത്തി. ഇതോടെ ശിൽപയും ബന്ധുക്കളും കോടതിയെ സമീപിച്ചു. രണ്ടുമാസം മുമ്പ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ശ്രീധർ ഗുപ്തക്കല്ലെന്ന് കോടതിവിധി വ്യക്തമാക്കി. തുടർന്ന് പ്രദേശവാസികൾ ക്ഷേത്രം നിർമ്മിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ തുടങ്ങി. എന്നാൽ, വീണ്ടും തർക്കമുന്നയിച്ച് ശ്രീധർ ഗുപ്ത രംഗത്തെത്തുകയായിരുന്നു.
ഇതിനിടെ രണ്ടുസംഘമായി തിരിഞ്ഞ്, ഒരുവിഭാഗം ആളുകൾ ഇയാൾക്കൊപ്പം നിലയുറപ്പിച്ചതോടെ പ്രദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് ശിൽപക്കും രാമാഞ്ജിനപ്പയ്ക്കും ബന്ധുവിനും വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘം വീടിനുമുന്നിൽ നിൽക്കുകയായിരുന്ന ഇവരെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ സമീപവാസികൾ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിലെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.
സംഭവത്തിൽ ശ്രീധർ ഗുപ്തയെ ചോദ്യം ചെയ്തു കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.