ചെന്നൈ : വിവാഹബന്ധം വേർപെടുത്തിയ ഭർത്താവ് മക്കളെ കാണാനെത്തുമ്പോൾ അതിഥിയായി കണക്കാക്കണമെന്ന് ഭാര്യയോട് മദ്രാസ് ഹൈക്കോടതി നിർദ്ദേശം.
പങ്കാളികൾ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള പെരുമാറ്റത്തിൽ പ്രകടമാവരുതെന്ന് കോടതിയുടെ നിർദ്ദേശം.
പങ്കാളികളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് കുട്ടികളോട് മോശമായി പറയുന്നതും വിദ്വേഷം ജനിപ്പിക്കുന്നതും കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി വിധിന്യായത്തിൽ വ്യക്തമാക്കി. അച്ഛനമ്മമാർ തമ്മിലുള്ള സ്നേഹനിർഭരമായ ബന്ധം കുട്ടിയുടെ അവകാശമാണെന്ന് കോടതി വിലയിരുത്തി.
ചെന്നൈയിലെ പാർപ്പിടസമുച്ചയത്തിൽ അമ്മയോടൊപ്പം കഴിയുന്ന മക്കളെ ആഴ്ചയിൽ രണ്ടുദിവസം വൈകുന്നേരങ്ങളിൽ സന്ദർശിക്കാൻ അതേ സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അച്ഛന് കോടതി അനുമതി നൽകി. അച്ഛൻ കാണാനെത്തുമ്പോൾ ചായയും ഭക്ഷണവും നൽകണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും അമ്മയോട് കോടതി നിർദ്ദേശിച്ചു. പത്തുവയസ്സുമാത്രമുള്ള മകളുടെ മുന്നിൽവെച്ച് മോശമായി പെരുമാറിയാൽ കർശനനടപടി നേരിടേണ്ടിവരുമെന്ന് ഇരുവർക്കും കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വിവാഹമോചനം നേടിയ പങ്കാളി മക്കളെ കാണാനെത്തുമ്പോൾ പലപ്പോഴും നല്ല പെരുമാറ്റം ലഭിക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിദ്വേഷം എന്ന വികാരം കുട്ടികളുടെ മനസ്സിലേക്ക് സ്വാഭാവികമായി കടന്നുചെല്ലുന്ന ഒന്നല്ല. കുട്ടികളിൽ അടിച്ചേൽപ്പിക്കപ്പെടുന്നതാണ്. മാതാപിതാക്കൾ തമ്മിലുള്ള സ്നേഹപൂർണമായ ബന്ധം ഓരോ കുട്ടിയുടെയും അവകാശമാണ്. മാതാപിതാക്കളിൽ ഒരാളെക്കുറിച്ച് മറ്റേയാൾ മക്കളുടെ മനസ്സിൽ വിദ്വേഷം ജനിപ്പിക്കുന്നത് ശിശുപീഡനമാണ്. ബന്ധം വേർപെടുത്തിയയാളോട് സ്നേഹത്തോടെ പെരുമാറാൻ പറ്റിയില്ലെങ്കിലും അയാളെ അതിഥിയായി പരിഗണിക്കാനാകണം. അതിഥി ദേവോ ഭവ എന്ന സങ്കൽപമനുസരിച്ച് അയാളോട് നന്നായി പെരുമാറണമെന്ന് കോടതി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.