ബെംഗളൂരു: വെള്ളിയാഴ്ച പുലർച്ചെ ഇട്ടമാടിന് സമീപം നടന്ന ഒരു അപകടത്തിൽ കാൽനടയാത്രക്കാരുടെ ഇടയിലൂടെ കാർ പാഞ്ഞുകയറി ഒരാൾ മരിക്കുകയും ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 7.30നായിരുന്നു അപകടം.
സാൻഡൽവുഡിൽ സഹസംവിധായകനും മഗഡി റോഡിലെ ചെന്നെനഹള്ളി സ്വദേശിയുമായ മുകേഷാണ് കാർ ഓടിച്ചിരുന്നത്. സാൻഡൽവുഡ് സംവിധായകൻ ശ്രീനിവാസ് തിമ്മയ്യയുടെ KA–51-MK-5416 എന്ന നമ്പറിലുള്ള മാരുതി ഇഗ്‌നിസ് കാറാണ് മുകേഷ് ഓടിച്ചിരുന്നത്.
തിമ്മയ്യയും ഒരാളും കൂടി കാറിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ബനശങ്കരിയിലെ ഔട്ടർ റിംഗ് റോഡിൽ കത്രിഗുപ്പെ ജംഗ്ഷനിൽ നിന്ന് ഇട്ടമാട് ജംഗ്ഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഉദ്ഭവ ആശുപത്രിക്ക് സമീപം ചന്ദൻ മോട്ടോഴ്‌സിന് മുന്നിലൂടെ അമിതവേഗതയിൽ വന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട മുകേഷ് റോഡരികിലൂടെ നടന്നുപോയ നാല് കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു. തുടർന്ന് ഫുട്പാത്തിൽ നിർത്തിയിട്ടിരുന്ന കാറിലും രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചു. അതിനുശേഷമാണ് കാർ നിശ്ചലമായത്.
കാറ്ററിംഗ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന ശിവമോഗ സ്വദേശി സുരേഷ് എന്ന രുദ്രപ്പ (28) ആണ് മരിച്ചത്. ഇയാളുടെ സഹപ്രവർത്തകരായ ശിവറാം (23), സച്ചിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. കത്രിഗുപ്പെയിലെ താമസക്കാരായിരുന്നു ഇവർ മൂന്നുപേരും. ഇവർക്കുപുറമെ പരിക്കേറ്റ ഹൊസകെരെഹള്ളിയിലെ ദ്വാരക നഗർ സ്വദേശിയായ ശൈലേന്ദ്ര സ്വകാര്യ കോളജിലെ അവസാന വർഷ ബിഎസ്‌സി വിദ്യാർഥിയാണ്. ശൈലേന്ദ്രയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ മൂന്ന് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രുദ്രപ്പയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബനശങ്കരി ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ ഐപിസി സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമായത്), 279 (പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിച്ചത്) എന്നീ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്, വെസ്റ്റ്) കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. ഡ്രൈവറെ ആൽക്കഹോൾ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.