ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

ബെംഗളൂരു : സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനൊപ്പം സൈബർ തട്ടിപ്പുകളും പുതിയ രൂപത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അപരിചിതരുടെ വാക്കുകൾ വിശ്വസിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കമ്മീഷൻ തുക മോഹിച്ചും മനുഷ്യത്വത്തിന്റെ പേരിലും അപരിചിതരെ സഹായിക്കാൻ പോയ മൂന്ന് യുവാക്കൾ സൈബർ പോലീസിന്റെ പിടിയിലായ ഞെട്ടിക്കുന്ന സംഭവം കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ അരകേര പട്ടണത്തിൽ റിപ്പോർട്ട് ചെയ്തു.

അരകേരയിൽ കോമൺ സർവീസ് സെന്റർ (സി‌എസ്‌സി) നടത്തുന്ന മല്ലികാർജ്ജുന, മഹാന്തേഷ് എന്നിവരടങ്ങുന്ന മൂന്ന് യുവാക്കളുടെ സംഘമാണ് തട്ടിപ്പുകാരുടെ കെണിയിൽ വീണത്. കഴിഞ്ഞ ദിവസം ഇവരുടെ കേന്ദ്രം സന്ദർശിച്ച രണ്ട് അപരിചിതർ, തങ്ങൾക്ക് അടിയന്തര മെഡിക്കൽ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചു. തങ്ങളുടെ ഫോൺപേ വഴി സി‌എസ്‌സി സെന്ററിന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാമെന്നും പകരം അത്രയും തുക നേരിട്ട് പണമായി (ക്യാഷ്) നൽകണമെന്നും ഇവർ യുവാക്കളോട് അഭ്യർത്ഥിച്ചു. കൂടാതെ കൈമാറുന്ന ഓരോ 1,000 രൂപയ്ക്കും 10 രൂപ വീതം കമ്മീഷൻ നൽകാമെന്നും തട്ടിപ്പുകാർ വാഗ്ദാനം ചെയ്തു.

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

ഇത് വിശ്വസിച്ച യുവാക്കൾ മൂന്ന് വ്യത്യസ്ത കടകളിൽ നിന്നായി ഏകദേശം 2.5 ലക്ഷത്തോളം രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് യുപിഐ വഴി വാങ്ങി പകരമുള്ള തുക ഇവർക്ക് ക്യാഷായി നൽകുകയായിരുന്നു. എന്നാൽ മോഷ്ടിച്ച മൊബൈൽ ഫോണുകളും അക്കൗണ്ടുകളും ഉപയോഗിച്ചാണ് പ്രതികൾ ഈ പണമിടപാടുകൾ നടത്തിയതെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് യുവാക്കൾ പറയുന്നു. കഴിഞ്ഞ മെയ് 25 ന് റായ്ച്ചൂരിൽ നിന്ന് മന്ത്രാലയത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാംബാബു എന്നയാളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഈ ഫോൺ കൈക്കലാക്കിയ മോഷ്ടാക്കൾ മണിക്കൂറുകൾക്കുള്ളിൽ രാംബാബുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അരകേരയിലെ സി‌എസ്‌സി സെന്ററുകളുടെ അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു.

അക്കൗണ്ടിൽ നിന്ന് തുടർച്ചയായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട രാംബാബു ഉടൻ തന്നെ സദർ ബസാർ പോലീസിൽ പരാതി നൽകി. പോലീസ് സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പണം എത്തിയത് അരകേരയിലെ സിഎസ്‌സി സെന്ററുകളിലേക്കാണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് ഈ യുവാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി പണം നഷ്ടപ്പെട്ട രാംബാബുവിന്റെയും, അപരിചിതരിൽ നിന്ന് പണം വാങ്ങി ക്യാഷ് നൽകിയ മല്ലികാർജുൻ, മഹന്തേഷ് എന്നിവരുടെയും ബാങ്ക് അക്കൗണ്ടുകൾ പോലീസ് നിലവിൽ മരവിപ്പിച്ചു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതോടെ സി‌എസ്‌സി സെന്റർ നടത്തുന്ന യുവാക്കൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഒളിവിൽ പോയ മൊബൈൽ മോഷ്ടാക്കളെ കണ്ടെത്താൻ സദർ ബസാർ പോലീസ് നിലവിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇത്തരം ഓൺലൈൻ പണമിടപാടുകളിൽ ആരും വീഴരുതെന്നും, വലിയ കമ്മീഷൻ വാഗ്ദാനം ചെയ്തോ അടിയന്തര സാഹചര്യങ്ങൾ പറഞ്ഞോ വരുന്ന അപരിചിതരുടെ അക്കൗണ്ടുകളിൽ നിന്ന് പണം സ്വീകരിച്ച് സ്വന്തം കൈയിൽ നിന്ന് ക്യാഷ് നൽകുന്ന ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും പോലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts