ബെംഗളൂരു: കൂടുതൽ ഒറ്റത്തൂൺ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കാൻ ഒരുങ്ങി വൈദ്യുതി വിതരണ കമ്പനി ബെസ്കോം. കഴിഞ്ഞ 5 മുതൽ തുടങ്ങിയ യജ്ഞത്തിന്റെ ഭാഗമായാണു കൂടുതൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത്. നടപ്പാതകളിലും മറ്റും 3–4 തൂണുകളിലായി സ്ഥാപിക്കുന്ന പഴയ ട്രാൻസ്ഫോമറുകൾ മാറ്റിയാണു പുതിയ ഒറ്റതൂൺ ട്രാൻസ്ഫോമാറുകൾ സ്ഥാപിക്കുന്നത്. അപകടം വിതയ്ക്കുന്ന ഇവ മാറ്റി സ്ഥാപിക്കണമെന്ന നിരന്തരമായ പരാതി ഉയർന്നതിനെ തുടർന്നാണ് ഒറ്റത്തൂൺ ട്രാൻസ്ഫോമർ രൂപകൽപന ചെയ്തത്.
നിലവിൽ 2587 ട്രാൻസ്ഫോമറുകളാണു മാറ്റി സ്ഥാപിക്കുക. അതിൽ 213 എണ്ണം ഇതുവരെ മാറ്റിസ്ഥാപിച്ചതായി ബെസ്കോം അധികൃതർ അറിയിച്ചു. അപകടാവസ്ഥയിലുള്ളവ നീക്കുന്നതിൽ വീഴ്ച വരുത്തിയതിന് ബെസ്കോം എംഡിക്ക് കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി സമൻസ് അയച്ചിരുന്നു. കെങ്കേരി ഉള്ളാൾ റോഡിൽ ട്രാൻസ്ഫോമർ പൊട്ടത്തെറിച്ച് സ്കൂട്ടറിൽ പോകുകയായിരുന്ന അച്ഛനും മകളും മരിച്ച സംഭവത്തെ തുടർന്നായിരുന്നു കോടതി ഇടപെടൽ ഉണ്ടായത്.
നഗരത്തിലെ റോഡുകളിലും നടപ്പാതകളിലുമായി 8659 ട്രാൻസ്ഫോമറുകളാണുള്ളത്. ഇതിൽ പകുതിയും തീർത്തും വഴിമുടക്കികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒറ്റത്തൂണിലുള്ള സുരക്ഷിത മാതൃക നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ 2017–19 വരെ ഇത്തരത്തിൽ 3196 എണ്ണം മാറ്റിസ്ഥാപിച്ചിരുന്നു.
11 മീറ്റർ ഉയരമുള്ള ഒറ്റത്തൂണിൽ സ്ഥാപിക്കുന്ന ഇവ വഴിയാത്രക്കാർക്കു തടസ്സമാകില്ലെന്നതിനു പുറമെ കേബിൾ പൊട്ടിയും ഓയിൽ ചോർന്നും മറ്റുമുള്ള അപകടങ്ങൾക്കുള്ള സാധ്യതയും കുറവാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.