ബെംഗളൂരു: ആറ് വർഷം മുമ്പ് ഏറ്റെടുത്ത 200 മീറ്റർ ബിടിഎം ബൊമ്മനഹള്ളി കോറിഡോർ പ്രോജക്റ്റ് ഇന്നും വെളിച്ചം കണ്ടിട്ടില്ല. സിൽക്ക് ബോർഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായാണ് ബിടിഎം ലേയൗട്ട് -ബോമ്മനഹള്ളി ഇടനാഴി പാത പദ്ധതി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഏറ്റെടുത്തത്. ലോക്ക്ഡൗൺ സമയത്ത് റോഡുകളിൽ വാഹനങ്ങൾ കുറവായതിനാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടനാഴി പാതയുടെ പണി പൂർത്തിയാക്കാനാകുമായിരുന്നെങ്കിലും പല കാരണങ്ങളാലും പണി മന്ദഗതിയിലായിരുന്നു.
ടു-വേ ഇടനാഴിയുടെ പദ്ധതി 2012 ൽ തയ്യാറാക്കി, തടാക വികസന അതോറിറ്റി 2014 മാർച്ചിൽ അംഗീകാരം നൽകി, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ ശേഷിക്കുന്ന ഭാഗം ഇന്നും അപൂർണ്ണമായി തുടരുന്നു. ബിടിഎം ലേയൗട്ടിലെ 24 മെയിൻ റോഡിലേക്ക് ബന്ധിപ്പിക്കുന്നതിന് മഡിവാള തടാകത്തിന് മുകളിലൂടെ ഒരു ചെറിയ പാലം നിർമ്മിക്കാൻ അനുമതി തേടി കർണാടക തടാക സംരക്ഷണ വികസന അതോറിറ്റിക്ക് (കെഎൽസിഡിഎ) ബിബിഎംപി കത്തെഴുതുകയും, ഇതിനായി മൂന്ന് കോടി രൂപ ബിബിഎംപി അനുവദിക്കുകയും ചെയ്തു. അംഗീകാരം ലഭിച്ചാലുടൻ പാലത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് ബിബിഎംപി ചീഫ് പ്രൊജക്റ്റ് എഞ്ചിനീയർ ശ്രി ലോകേഷ് പറഞ്ഞു.
ഹൊസൂർ റോഡിനും ബിടിഎം ലേയൗട്ടിനുമിടയിലുള്ള ടു-വേ ട്രാഫിക് കൈകാര്യം ചെയ്യുകയായിരുന്നു ഇടനാഴി പാതയുടെ ലക്ഷ്യം. 2020 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത വൺവേ ഇടനാഴി, ഹൊസൂർ റോഡിലേക്കും എച്ച്എസ്ആർ ലേയൗട്ടിലേക്കും രൂപേന അഗ്രഹാര, കെഎഎസ് ഓഫീസർസ് കോളനി, മറ്റ് പ്രദേശങ്ങൾ എന്നിവയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ്. ഇപ്പോൾ ഒരു സ്ട്രെച്ച് മാത്രം ലഭ്യമായതിനാൽ, ബിടിഎം ലേയൗട്ടിലേക്ക് പോകുന്ന വാഹനങ്ങളും ഇതേ റൂട്ടിലൂടെയാണ് പോകുന്നത്. ഇത് ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.