കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ സർക്കാരിന്റെ വമ്പൻ പദ്ധതികൾ

ബെംഗളൂരു: സംസ്ഥാനത്ത് മൂന്നാംഘട്ട കോവിഡ് വ്യാപനം മുന്നിൽക്കണ്ട് സർക്കാർ 1500 കോടി രൂപ ചെലവിട്ട് ജില്ലാ, താലൂക്ക് ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. കോവിഡ് മൂന്നാംതരംഗം ചെറുക്കുന്നതിനായി സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ വർധിക്കണമെന്ന് നേരത്തേ കോവിഡ് സാങ്കേതിക സമിതിയും സർക്കാരിന് നിർദേശം നൽകിയിരുന്നു.

ആശുപത്രി കിടക്കകൾ വർധിപ്പിക്കുക, ഐ.സി.യു. സൗകര്യങ്ങൾ കൂട്ടുക, ഓക്സിജൻ സിലിൻഡർ സൗകര്യമൊരുക്കുക തുടങ്ങിയവയ്ക്കാണ് തുക ചെലവിടുന്നത്. താലൂക്ക് ആശുപത്രികളിൽ ചുരുങ്ങിയത് 100 കിടക്കളെങ്കിലും സജ്ജമാക്കും.

1500 കോടിയിൽ 600 കോടിരൂപ ജീവനക്കാർക്ക് ശമ്പളം നൽകാനാണ് വിനിയോഗിക്കുക. ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സയ്ക്കായി 20 കോടി രൂപയും മാറ്റിവെക്കും.

മൂന്നുമാസത്തിനുള്ളിൽ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കോവിഡ് കർമസമിതി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അശ്വത് നാരായൺ പറഞ്ഞു. ആശുപത്രികളിൽ ഡോക്ടർമാരടക്കമുള്ള ജീവനക്കാരെയും പുതുതായി നിയമിക്കും.

4000-ത്തോളം ഡോക്ടർമാരുടെ കുറവ് നിലവിലുണ്ടെന്നാണ് കണക്ക്. 12,000-ത്തോളം നഴ്‌സുമാരെയും നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും. ലാബ്‌ടെക്‌നിഷ്യൻമാർ ഉൾപ്പെടെയുള്ള ജീവനക്കാരെയും നിയമിക്കേണ്ടതുണ്ട്. ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതൽ ജീവനക്കാരുടെ കുറവുള്ളത്.

149 താലൂക്ക് ആശുപത്രികളും 19 ജില്ലാ ആശുപത്രികളുമാണ് സംസ്ഥാനത്തുള്ളത്. നഗരപ്രദേശങ്ങളിൽ മാത്രമാണ് താരതമ്യേന മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നത്. ഗ്രാമീണ മേഖലകളിലെ ആശുപത്രികളിലെ സൗകര്യങ്ങൾ കോവിഡ് പ്രതിരോധത്തിന് അപര്യാപ്തമാണെന്നും സാങ്കേതിക സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

താലൂക്ക്, ജില്ലാ ആശുപത്രികൾ നവീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. അതേസമയം സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ നിർമിക്കുന്നതിനുള്ള പദ്ധതികളും സജീവമായി നടപ്പാക്കിവരികയാണ്. ഏഴോളം ജില്ലാ ആശുപത്രികളിൽ ഇതിനോടകം ചെറുകിട ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു. സ്വകാര്യ ആശുപത്രികളിലും പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

രണ്ടാംഘട്ട വ്യാപനത്തെക്കാൾ കൂടുതൽ അപകടകരമാകും മൂന്നാംഘട്ട രോഗവ്യാപനമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. റെംഡെസിവിർ ഉൾപ്പെടെയുള്ള മരുന്നുകളുടെ ഉത്പാദനം വർധിപ്പിക്കണമെന്ന് മരുന്നുകമ്പനികളോടും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us