തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രക്രിയയുടെ (എസ്‌.ഐ.ആർ) ഭാഗമായുള്ള ഡ്യൂട്ടിക്കായി ബൈക്കിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച വില്ലേജ് അക്കൗണ്ടന്റ് ഭുവനയുടെ കുടുംബത്തിന് പതിനഞ്ച് ദിവസത്തിനകം ഒരു കോടി രൂപ ഇൻഷുറൻസ് തുക ലഭ്യമാക്കും. ഇതിന് പുറമെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള പ്രത്യേക ധനസഹായമായി 30 ലക്ഷം രൂപയും ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ഡോ. ജി. പരമേശ്വർ വ്യക്തമാക്കി. ഭുവനയുടെ ദൌർഭാഗ്യകരമായ മരണത്തെ തുടർന്ന് റവന്യൂ എംപ്ലോയീസ് അസോസിയേഷൻ നടത്തിവന്ന പ്രതിഷേധ സ്ഥലം സന്ദർശിച്ച ശേഷമാണ് ഉപമുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ധനസഹായവും ജീവനക്കാരുടെ മറ്റ് ആവശ്യങ്ങളും ഉടൻ നിറവേറ്റാമെന്ന ഉറപ്പിൻമേൽ അസോസിയേഷൻ പ്രതിഷേധം പിൻവലിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് സംഭവസ്ഥലത്തേക്ക് ഉടനടി എത്തുവാൻ സാധിക്കാതിരുന്നതെന്നും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക ഡ്യൂട്ടിക്കിടെ സംഭവിച്ച അപകടമായതിനാൽ സർക്കാർ തലത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും മുൻഗണനയോടെ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

തുംകൂർ താലൂക്കിലെ ഹുള്ളനഹള്ളി വില്ലേജ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ബെഗൂർ സ്വദേശിനി ടി. ഭുവനയാണ് കഴിഞ്ഞ ശനിയാഴ്ച ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചത്. അന്നേദിവസം രാവിലെ എസ്‌.ഐ.ആർ പ്രക്രിയയുടെ സൂപ്പർവൈസറായി ഭുവനയ്ക്ക് ചുമതല ലഭിച്ചിരുന്നു. തുംകൂർ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന തന്റെ ഇരുചക്ര വാഹനമെടുത്ത് ഗുലൂരിലെ നടക്കച്ചേരിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കുനിഗൽ റോഡിലൂടെ യാത്ര ചെയ്യവേ എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന ലോറി ഭുവനയുടെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ഭുവന ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ശക്തമായ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ തുംകൂറിലെ സിദ്ധഗംഗ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരിക പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts