ബെംഗളൂരു: ഭക്ഷണം വീടുകളിലെത്തിച്ചുനൽകുന്നതിന്റെ മറവിൽ വൻതുകയ്ക്ക് മദ്യം വിൽപ്പന നടത്തിവന്ന ഫുഡ് ഡെലിവറി ജീവനക്കാരൻ പിടിയിൽ.

ദൊഡ്ഡദൊഗരു സ്വദേശി ജയ്‌പാലിനെ(29) യാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ചരാത്രി സോമശേഖരപാളയയിലെ ഒരു വീട്ടിൽ മദ്യമെത്തിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലായത്.

ഒരു ഭക്ഷണവിതരണ സ്ഥാപനത്തിന്റെ ടീ ഷർട്ട് അണിഞ്ഞ ഇയാൾ മറ്റൊരു സ്ഥാപനത്തിന്റെപേരിലുള്ള ബാഗിലാണ് ഭക്ഷണമെത്തിച്ചത്.

ഇതോടെ സംശയം തോന്നിയ പോലീസ് ജയ്‌പാലിനെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

ഇയാളുടെ ബാഗിൽനിന്ന്‌ 90 മില്ലിലിറ്ററിന്റെ മൂന്ന് ടെട്രാപാക്ക് വിദേശമദ്യം കണ്ടെത്തി.

ഇയാളുടെ സുഹൃത്താണ് ഡെലിവറി ബോയിയായി ഭക്ഷണവിതരണ ആപ്പിൽ രജിസ്റ്റർചെയ്തിരുന്നത്.

ആപ്പിലൂടെ ഭക്ഷണം ഓർഡർചെയ്യുന്നവരുടെ ഫോണിൽവിളിച്ച് മദ്യംവിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു ഇയാളുടെ രീതി.

താത്‌പര്യം പ്രകടിപ്പിക്കുന്നവർക്ക് ഭക്ഷണത്തോടൊപ്പം മദ്യവും എത്തിച്ചുനൽകും. നാലിരട്ടി വിലയാണ് മദ്യത്തിന് ഈടാക്കിയിരുന്നത്.

ലോക്ഡൗൺ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇയാളും സുഹൃത്തുക്കളും വൻതോതിൽ മദ്യം ശേഖരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

തൊട്ടടുത്തദിവസം മുതൽ ഇവ കൂടിയവിലയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു.

ഇയാളുടെ രണ്ടു സൃഹുത്തുക്കൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. അനധികൃതമായി മദ്യംവിൽക്കുന്നവരുടെ എണ്ണം നഗരത്തിൽകൂടിവരികയാണ്.

ചില മദ്യശാലകളിലെ ജീവനക്കാരും ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതായാണ് സൂചന. നാലും അഞ്ചും ഇരട്ടിയോളം രൂപയാണ് ഇവർ മദ്യംവാങ്ങുന്നവരിൽനിന്ന് ഈടാക്കുന്നത്.