ബെംഗളൂരു: ഇന്ത്യൻ വ്യവസായ ലോകം ഞെട്ടലോടെയാണ് മാസങ്ങൾക്ക് മുൻപ് കോഫി ഡേ എന്റർപ്രൈസസ് സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ മരണവാർത്ത ശ്രവിച്ചത്.
അദ്ദേഹം നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം, ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു .
കഴിഞ്ഞവർഷം ജൂലൈയിലാണ് അമ്പത്തൊമ്പതുകാരനായ അദ്ദേഹം ജീവനൊടുക്കിയത്.
സിദ്ധാർഥയുടെ മരണത്തിനു പിന്നാലെ കോഫി ഡേ എന്റർപ്രൈസസിന്റെ ബോർഡ് നടത്തിയ അന്വേഷണത്തിൽ, കമ്പനിയുടെ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയുടെ കുറവ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
270 മില്യൻ യു.എസ്. ഡോളറി(ഏകദേശം രണ്ടായിരം കോടിയോളം രൂപ)ന്റെ കുറവാണ് ബോർഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് ബ്ലൂംബെർഗ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
മാസങ്ങൾ നീണ്ട അന്വേഷണത്തിനു പിന്നാലെയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
കോഫി ഡേ എന്റർപ്രൈസസും സിദ്ധാർഥയുടെ മറ്റ് സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ അന്വേഷണത്തിന്റെ പരിധിയിൽ വന്നിരുന്നു.
സിദ്ധാർഥയുടെ വ്യക്തിപരവും ബിസിനസ് പരവുമായ നൂറുകണക്കിന് ഇടപാടുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സമ്പൂർണ റിപ്പോർട്ട് വരാനിരിക്കെ, ഇപ്പോഴത്തെ പല കണ്ടെത്തലുകളിലും മാറ്റം വന്നേക്കാമെന്ന് വിഷയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ട് ഈ ആഴ്ച പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.