ബെംഗളൂരു: കമ്പള (പോത്തോട്ടം) മത്സരത്തിൽ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന വേഗം കൊണ്ട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ വ്യക്തിയാണ് കമ്പള ജോക്കി (പോത്തോട്ടക്കാരൻ) ശ്രീനിവാസ ഗൗഡ. എന്നാലിപ്പോഴിതാ കമ്പളപ്പാടത്ത് ശ്രീനിവാസ ഗൗഡയെ പിന്നിലാക്കി വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഭജഗോലി ജോഗിബെട്ടു സ്വദേശി നിഷാന്ത് ഷെട്ടിയെന്ന കമ്പള ജോക്കി.
ഞായറാഴ്ച വേനൂരിൽ നടന്ന സൂര്യ-ചന്ദ്ര ജോഡുകാരെ കമ്പള മത്സരത്തിൽ 143 മീറ്റർ ദൂരം 13.68 സെക്കൻഡിൽ പൂർത്തിയാക്കിയ നിഷാന്ത് ഇതിൽ 100 മീറ്റർ പിന്നിടാനെടുത്തത് വെറും 9.51 സെക്കൻഡുകൾ മാത്രമാണെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തിൽ നടന്ന കമ്പള മത്സരത്തിൽ മൂഡബദ്രിയിൽ നിന്നുള്ള ശ്രീനിവാസ ഗൗഡ 13.62 സെക്കൻഡുകൊണ്ട് 145 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ഇതിൽ 100 മീറ്റർ പൂർത്തിയാക്കാനെടുത്തത് വെറും 9.55 സെക്കൻഡാണെന്നായിരുന്നു റിപ്പോർട്ട്.
100 മീറ്ററിലെ വേഗരാജാവ് ജമൈക്കയുടെ ലോകറെക്കോഡുകാരൻ ഉസൈൻ ബോൾട്ട് 100 മീറ്റർ പിന്നിടാൻ എടുത്ത സമയം 9.58 സെക്കന്റാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ ശ്രീനിവാസ ഗൗഡ താരമായിരുന്നു. പിന്നാലെ ഗൗഡയെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ പരിശീലകർ നടത്തുന്ന ട്രയൽസിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്ത് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു.