ബെംഗളൂരു: വീടുകൾക്കുമുമ്പിൽ ബോംബുഭീഷണിക്കത്തിട്ട് ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ യുവാവ് പിടിയിൽ. ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയായ ദേവേന്ദ്രകുമാറാണ് എച്ച്.എസ്.ആർ. ലേഔട്ട് പോലീസിന്റെ പിടിയിലായത്.
എം.സി.എ. ബിരുദധാരിയായ ഇയാൾ മികച്ച വരുമാനം കണ്ടെത്താൻ പല ജോലികളുംചെയ്തതിനുശേഷമാണ് പുതുവഴി തേടിയതെന്ന് പോലീസ് പറഞ്ഞു. മുമ്പ് കോൾ സെന്ററിലും ടാക്സി ഡ്രൈവറായും ഇയാൾ ജോലിചെയ്തിട്ടുണ്ട്.
ബോംബ് വെക്കാതിരിക്കണമെങ്കിൽ അഞ്ചുലക്ഷം രൂപ നൽകണമെന്നാണ് വ്യാജവിലാസംവെച്ചുള്ള കത്തിന്റെ ഉള്ളടക്കം. രണ്ടാഴ്ചയ്ക്കിടെ എച്ച്.എസ്.ആർ. ലേഔട്ടിലെ രണ്ടു വീടുകളിലാണ് ഇയാൾ കത്തുകൾ കൊണ്ടിട്ടത്.
കൂടുതൽ വിവരങ്ങൾക്ക് കത്തിലെ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്നായിരുന്നു നിർദേശം. പണം നൽകിയില്ലെങ്കിൽ വീടിന് വൻപ്രഹരശേഷിയുള്ള ബോംബുവെക്കുമെന്നും കത്തിൽ പറയുന്നു. എൻജിനിയർ കിരണിന്റെ വീട്ടിലാണ് നവംബർ ഒന്നിന് ആദ്യത്തെ കത്തു ലഭിച്ചത്.
ഒരു കത്തിന്റെ നാലു പകർപ്പാണ് കിരണിന്റെ വീട്ടുമുറ്റത്തുനിന്ന് ലഭിച്ചത്. ഇതോടെ പരിഭ്രാന്തനായ കിരൺ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുശേഷം സമീപത്തെ മറ്റൊരു വീട്ടിലും ഭീഷണിക്കത്തുകിട്ടി. ഇതോടെ പണംതരാമെന്ന് കത്തിലെ ഇ- മെയിൽ വിലാസത്തിൽ പോലീസ് അറിയിക്കുകയായിരുന്നു.
പണം കൈമാറേണ്ട സ്ഥലത്തെക്കുറിച്ചുള്ള വിവരം ഉൾപ്പെടുത്തി ദേവേന്ദ്രകുമാർ ഇതിന് മറുപടിയയ്ക്കുകയും ചെയ്തു. ഇതോടെ ഒരു മൊബൈൽ ഫോണിൽനിന്നാണ് മെയിൽ അയച്ചതെന്ന് പോലീസ് കണ്ടെത്തി. ഈ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ദേവേന്ദ്രകുമാറിനെ കുടുക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.