ബെംഗളൂരു: ബന്ദിപ്പുരിനുസമീപം ഒരു മാസത്തിനിടെ രണ്ടുപേരെ കൊന്ന കടുവയെ അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിൽ ജീവനോടെ പിടികൂടി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ചാമരാജ്‌പേട്ട് മഗുവനഹള്ളിയിൽ പ്രദേശവാസികളുടെ സഹായത്തോടെ മയക്കുവെടിവെച്ചാണ് കടുവയെ വനം ഉദ്യോഗസ്ഥർ പിടികൂടിയത്.
വൈദ്യപരിശോധനയ്ക്കുശേഷം കടുവയെ മൈസൂരുവിലെ പുനരധിവാസകേന്ദ്രത്തിലേക്കു മാറ്റും. കടുവയെ പിടികൂടിയ കാര്യം വനംവകുപ്പ് മേധാവി ശ്രീധർ പുനതിയും ഗോപാൽസ്വാമി ബേട്ട റേഞ്ച് ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ രവികുമാറും സ്ഥിരീകരിച്ചു. ഭൂപ്രദേശത്തിന്റെ സ്ഥിതിയും കുറ്റിക്കാടുകളും കടുവയെ പിടിക്കാനുള്ള ശ്രമം ദുഷ്കരമാക്കിയെന്ന് രവികുമാർ പറഞ്ഞു.
ഒരുമാസത്തിനിടെ ഗോപാൽ സ്വാമി ബേട്ട റേഞ്ചിലെ ചൗഡനഹള്ളി ഹന്ദിപുര ഗ്രാമത്തിലെ കർഷകൻ ശിവലിംഗപ്പ(80), ശിവമദയ്യ എന്നിവരെ കൊന്നതിനെത്തുടർന്നാണ് കടുവയെ പിടികൂടണമെന്ന ആവശ്യവുമായി ഗ്രാമവാസികൾ രംഗത്തെത്തിയത്. ഈ ആവശ്യമുന്നയിച്ച് ഗ്രാമവാസികൾ ഗോപാൽ സ്വാമി ബേട്ട റേഞ്ച് വനംവകുപ്പ് ഓഫീസ് ഉപരോധിച്ചിരുന്നു.
ഇതേത്തുടർന്ന്, കടുവയെ ജീവനോടെയോ അല്ലാതെയോ പിടികൂടാൻ വനംവകുപ്പ് ആദ്യം തീരുമാനിച്ചെങ്കിലും വന്യജീവിസംരക്ഷകർ പ്രതിഷേധിച്ചതോടെ ജീവനോടെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഗോപാൽ സ്വാമി ബേട്ട വനമേഖലയിൽ വനംവകുപ്പുദ്യോഗസ്ഥർ സംഘംതിരിഞ്ഞ് തിരച്ചിൽ നടത്തി. പ്രത്യേക പരിശീലനം ലഭിച്ച ആനകളും കടുവയെ കുടുക്കാൻ രംഗത്തുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.