യെദ്യൂരപ്പയെ ഒതുക്കാൻ നീക്കം നടക്കുന്നവെന്ന ആരോപണം ബി.ജെ പി.യിൽ ശക്തമാകുന്നു!!

ബെംഗളൂരു: മുൻ കേന്ദ്രമന്ത്രിയും എം.എൽ. എ.യുമായ ബസനഗൗഡ പാട്ടീലിന് പിന്നാലെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ പിന്തുണച്ച് നജ്ജുണ്ടസ്വാമിയും രംഗത്തെത്തി. പാർട്ടി സംസ്ഥാന നേതൃത്വം യെദ്യൂരപ്പയെ അവഗണിക്കുകയാണെന്ന് നജ്ജുണ്ട സ്വാമി ആരോപിച്ചു.

പ്രബല ലിംഗായത്ത് സമുദായത്തിന്റെ നേതാവായ യെദ്യൂരപ്പയെ അവഗണിച്ചാൽ വലിയവില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ബി.ജെ.പി. സർക്കാർ രൂപവത്കരിച്ചതിനുശേഷം പാർട്ടിയിൽ യെദ്യൂരപ്പയുടെ സ്വാധീനം കുറയ്ക്കുന്ന നടപടിയാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്.

യെദ്യൂരപ്പ എതിർപക്ഷത്തുള്ള ആർ. എസ്.എസ്. നേതാവ് ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിയായതോടെ യെദ്യൂരപ്പയെ ഒതുക്കുന്നതിനുള്ളനീക്കം ശക്തമായെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. യെദ്യൂരപ്പയുടെ നിർദേശം അവഗണിച്ചാണ് ആർ. എസ്.എസിന്റെ പിന്തുണയോടെ നളിൻകുമാർ കട്ടീലിനെ സംസ്ഥാന അധ്യക്ഷനാക്കിയത്. പിന്നാലെ ആർ.എസ്.എസ്. നേതാവായ വിശേശ്വർ ഹെഗഡെ കഗേരിയെ സ്പീക്കറാക്കുകയും ചെയ്തു.

പാർട്ടി തിരുമാനങ്ങളിൽ യെദ്യൂരപ്പയുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന ആരോപണവും ശക്തമായി. നിയമസഭയിൽ മാധ്യമവിലക്ക് ഏർപ്പെടുത്തിയതും കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തോടെയാണെന്നാണ് സൂചന. കർണാടകത്തിൽനിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരാണ് യെദ്യൂരപ്പക്കെതിരേ കേന്ദ്രനേതൃത്വവുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്നാണ് ബസനഗൗഡ പാട്ടീൽ ആരോപിച്ചത്.

യെദ്യൂരപ്പ വിമതപക്ഷവുമായി കേന്ദ്രനേതൃത്വം ഒത്തുക്കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് യെദ്യൂരപ്പയെ പാർട്ടി അവഗണിക്കുകയാണെന്ന ആരോപണവുമായി നജ്ജുണ്ടസ്വാമിയും രംഗത്തെത്തിയത്. പ്രായം സംബന്ധിച്ച ബി.ജെ.പി. നേതൃത്വത്തിന്റെ മാനദണ്ഡം ലംഘിച്ചാണ് 76 വയസ്സുള്ള യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28-ൽ 25 സീറ്റിലും ബി. ജെ.പി. വിജയിച്ചതോടെ യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകാൻ കേന്ദ്രനേതൃത്വം നിർബന്ധിതരായി.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടിയിൽ യെദ്യൂരപ്പയ്ക്കുള്ള സ്വാധീനം കുറയ്ക്കാനുള്ളനീക്കമാണ് കേന്ദ്രനേതൃത്വത്തിന്റേതെന്ന് ആരോപിക്കുന്നു. പാർട്ടി സംസ്ഥാനഅധ്യക്ഷനും യെദ്യൂരപ്പയും തമ്മിലുള്ളഭിന്നത രൂക്ഷമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, ബല്ലാരിയിൽനിന്നുള്ള ബി. ശ്രീരാമുലുവിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാവശ്യവും ശക്തമായി.

മുൻമന്ത്രി ജനാർദന റെഡ്ഡിയുടെ സഹോദരൻ സോമശേഖര റെഡ്ഡിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ശ്രീരാമുലുവിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷാ ഉറപ്പ് നൽകിയതാണെന്ന് സോമശേഖര റെഡ്ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us