സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരെ തിങ്ങിപ്പാർപ്പിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നു..

ബെംഗളൂരു: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരെ തിങ്ങിപ്പാർപ്പിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നു. ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ തടവുകാരുണ്ടെന്ന് ജയിൽവകുപ്പിന്റെ കണക്കുകൾ. 13,622 തടവുകാരെയാണ് സംസ്ഥാനത്തെ ജയിലുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നത്. എന്നാൽ, നിലവിൽ വിവിധ ജയിലുകളിലായി 15,257 തടവുകാരുണ്ട്.

ഡോക്ടർമാർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ കുറവുള്ളപ്പോഴാണ് ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ തടവുകാരെ ജയിലുകളിൽ പാർപ്പിക്കുന്നത്. അതേസമയം, ചില സബ് ജയിലുകൾ അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചതിനെത്തുടർന്ന് തടവുകാരെ മറ്റുജയിലുകളിലേക്ക് മാറ്റിയത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഒമ്പത് സെൻട്രൽ ജയിലുകളിലായി 10,397 തടവുകാരാണ് നിലവിലുള്ളത്. എന്നാൽ, പരമാവധി 7817 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമേ ഇവിടങ്ങളിലുള്ളൂ. 21 ജില്ലാ ജയിലുകളിലായി 4075 തടവുകാരുണ്ട്. 3857 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഈ ജയിലുകളിലുള്ളത്.

അതേസമയം, സംസ്ഥാനത്തെ ഏക തുറന്നജയിലിൽ 80 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ടെങ്കിലും 30 തടവുകാരാണുള്ളത്. തുറന്ന ജയിലിലേക്ക് മാറ്റാൻ അനുമതിയുള്ള തടവുകാരില്ലാത്തതാണ് ഇതിന്റെ കാരണമായി ജയിൽവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, തടവുകാർക്ക് ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിൽ ജയിൽ അധികൃതർ പരാജയപ്പെടുകയാണെന്ന് ആരോപണമുണ്ട്.

കഴിഞ്ഞയാഴ്ച പരപ്പന അഗ്രഹാര ജയിലിൽ അപസ്മാരരോഗിയായ തടവുകാരൻ മരിച്ചിരുന്നു. ഇയാൾക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് വിവിധ കോണുകളിൽനിന്ന് ആരോപണമുയരുകയും ചെയ്തു.

തടവുകാരുടെ എണ്ണം വർധിക്കുന്നത് ഇവരെ നിയന്ത്രിക്കുന്നതിലും പ്രയാസമുണ്ടാക്കുമെന്ന് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ ജയിലുകൾ പ്രവർത്തനസജ്ജമാക്കണമെന്നത് ഏറെക്കാലമായി മുതിർന്ന ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെട്ടുവരുകയാണ്.

സംസ്ഥാനത്തെ ജയിലുകളിൽക്കഴിയുന്ന അമ്മമാർക്കൊപ്പം ആറുവയസ്സിൽ താഴെയുള്ള 41 കുട്ടികളുണ്ടെന്ന് ജയിൽ വകുപ്പിന്റെ കണക്കുകൾ പറയുന്നു. ഇതിൽ 24 ആൺകുട്ടികളും 17 പെൺകുട്ടികളുമാണ്. ഇവർക്ക് ജയിലുകളിൽ വസ്ത്രവും ഭക്ഷണവുമുൾപ്പെടെയുള്ള പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ജയിലിനുപുറത്ത് മറ്റ് ബന്ധുക്കളൊന്നുമില്ലാത്തവരെയും മുലയൂട്ടുന്ന കുഞ്ഞുങ്ങളെയുമാണ് ജയിലിൽ അമ്മമാർക്കൊപ്പം പാർപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us