ബെംഗളൂരു: മന്ത്രിസഭ പുനഃസംഘടിപ്പിക്കണമോ വികസിപ്പിക്കണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. വിമതർക്ക് മന്ത്രിസ്ഥാനംനൽകി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, മന്ത്രിസഭയിൽ ഒഴിവുള്ള സ്ഥാനങ്ങൾ നികത്തിയാൽമതിയെന്നും പുനഃസംഘടന കൂടുതൽ പ്രതിസന്ധിക്കിടയാക്കുമെന്നും ഒരു വിഭാഗം വാദിച്ചു.
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിസഭാവികസനം മതിയെന്ന നിലപാടെടുത്തു. വിമതനീക്കം ഒഴിവാക്കാൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് മന്ത്രിസഭാ പുനഃസംഘടന എന്ന നിർദേശം മുന്നോട്ടുവെച്ചത്. സംസ്ഥാനത്തെ പാർട്ടിഘടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽനടന്ന ചർച്ചയിൽ പുനഃസംഘടനാനീക്കത്തെ എതിർത്തും അനുകൂലിച്ചും നേതാക്കൾ രംഗത്തെത്തി. ഇതോടെ തീരുമാനം ഹൈക്കമാൻഡിന് വിട്ടു.
സഖ്യധാരണപ്രകാരം കോൺഗ്രസിന് 22 മന്ത്രിസ്ഥാനവും ജനതാദൾ-എസിന് 12 മന്ത്രിസ്ഥാനവുമാണ് ലഭിച്ചത്. ഇതിൽ കോൺഗ്രസിന് ഒന്നും ദളിന് രണ്ടും സ്ഥാനങ്ങൾ നികത്താനുണ്ട്. കോൺഗ്രസിൽ വിമതനീക്കം നടത്തുന്ന രമേശ് ജാർക്കിഹോളിയോടൊപ്പം പത്ത് എം.എൽ.എ.മാരുണ്ടെന്നാണ് അവകാശവാദം. മന്ത്രിസഭാവികസനത്തിൽ ഇവരെ മുഴുവൻ ഉൾപ്പെടുത്താൻ കഴിയില്ല.
അതിനാൽ മന്ത്രിസ്ഥാനം ലഭിക്കാത്തവർക്ക് സർക്കാരിനുകീഴിലുള്ള ബോർഡുകളുടെ അധ്യക്ഷപദവി നൽകാനാണ് തീരുമാനം. ഇടക്കാലതിരഞ്ഞെടുപ്പിനെ നേരിടാൻ ഭരണപക്ഷ എം.എൽ.എ.മാർ തയ്യാറല്ല. അതിനാൽ, സർക്കാരിനെ നിലനിർത്താൻ വീട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് മുതിർന്ന മന്ത്രിമാർ പറയുന്നത്. പാർട്ടിയോട് കൂറുപുലർത്തുന്നവരെ ഒഴിവാക്കി വിമതർക്ക് മന്ത്രിസ്ഥാനം നൽകുന്നതിൽ എതിർപ്പുയരുന്നുമുണ്ട്. ഉപമുഖ്യമന്തി ജി. പരമേശ്വരയുടെ വീട്ടിലാണ് ചർച്ച നടന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.