ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

ഏകദിന ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 311 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനാണ് കന്നിയങ്കത്തില്‍ ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. മറുപടിയില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നല്‍കാതെയാണ് കീഴടങ്ങിയത്.

ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 39.5 ഓവറിൽ 207 റൺസിൽ അവസാനിച്ചു. അർധ സെഞ്ചുറികൾ നേടിയ ബെൻ സ്റ്റോക്സ്, ജേസൺ റോയി, ജോ റൂട്ട്, ക്യാപ്റ്റൻ ഇയാൻ മോർഗൻ എന്നിവരും 3 വിക്കറ്റുമായി ജോഫ്ര ആർച്ചറും രണ്ട് വിക്കറ്റുകൾ വീതം നേടി പ്ലംകെറ്റും ബെൻ സ്റ്റോക്കും തിളങ്ങിയപ്പോൾ മത്സരം ഇംഗ്ലണ്ടിനൊപ്പം നിന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങിയ ബെൻ സ്റ്റോക്സാണ് മാൻ ഓഫ് ദി മാച്ച്.

ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് (68), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (50) എന്നിവരുടെ ഫിഫ്റ്റികള്‍ മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് പ്രകടനം ദുരന്തമായി മാറി. 74 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ഡികോക്ക് ടീമിന്റെ ടോപ്‌സ്‌കോററായത്. ഡ്യുസെന്‍ 61 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും നേടി. അവസാന നിമിഷം ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലെത്തിയ ജോഫ്ര ആര്‍ച്ചറാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്. താരം മൂന്നു വിക്കറ്റുമായി ഇംഗ്ലീഷ് ബൗളിങിന് ചുക്കാന്‍ പിടിച്ചു. ലിയാം പ്ലങ്കെറ്റിനും ബെന്‍ സ്റ്റോക്‌സിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 311 റൺസെടുത്തത്. 79 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 89 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് നിരയിൽ ടോപ് സ്കോറർ. ലോക കപ്പിലെ ആദ്യ സെഞ്ചുറിയിലേക്ക് ബാറ്റ് വീശിയ ബെൻ സ്റ്റോക്സിനെ 11 റൺസ് അകലെ ലുൻഗി എൻഗിഡിയാണ് പുറത്താക്കിയത്. ഓപ്പണർ ജേസൺ റോയി 53 പന്തിൽ 54 റൺസും ജോ റൂട്ട് 59 പന്തിൽ 51 റൺസും ക്യാപ്റ്റൻ ഇയാൻ മോർഗൻ 60 പന്തിൽ 57 റൺസുമെടുത്തു. രണ്ടാം വിക്കറ്റിൽ ജസൺ റോയി ജോ റൂട്ട് സഖ്യവും (107), നാലാം വിക്കറ്റിൽ ഇയാൻ മോർഗൻ ബെൻ സ്റ്റോക്സ് സഖ്യവും (106) ഇംഗ്ലണ്ടിനായി സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുംഗി എന്‍ഡിഗി മൂന്നു വിക്കറ്റെടുത്തപ്പോള്‍ കാഗിസോ റബാദയ്ക്കും ഇമ്രാന്‍ താഹിറിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ടോസിനു ശേഷം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us